കൊടകര കുഴൽപ്പണ കേസ്: ഹവാല ഇടപാട് അന്വേഷിക്കണമെന്ന് പൊലീസ് കത്തയച്ചിട്ടും അനങ്ങാതെ ഇ.ഡി
text_fieldsതിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ ഹവാല ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചിട്ടും മൂന്ന് വർഷത്തിലേറെയായി അനങ്ങാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമീഷണർ വി.കെ രാജുവാണ് കത്തയച്ചത്.
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് 2021 ആഗസ്റ്റ് എട്ടിനാണ് കത്തയച്ചത്. എന്നാൽ, മൂന്ന് വർഷമായിട്ടും കത്തിൽ തുടർ നടപടികളൊന്നും ഇ.ഡി സ്വീകരിച്ചിട്ടില്ല. കർണാടകയിൽ നിന്നും 41 കോടി രൂപയാണ് ഹവാല പണമായി തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് എത്തിയതെന്ന് സംസ്ഥാന പൊലീസ് ഇ.ഡിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് കുഴൽപണമെത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് വൈകാതെ ഉത്തരവുണ്ടാവും. കേസിൽ മുമ്പ് അന്വേഷണം നടത്തിയ വി.കെ രാജു തന്നെയാണ് തുടരന്വേഷണവും നടത്തുക.
ഇതിന്റെ ആദ്യപടിയായി അന്വേഷണം സംഘം തിരൂർ സതീഷിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇതിന് ശേഷം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി സമർപ്പിക്കും. പുതിയ വിവരങ്ങൾ ഉൾപ്പടെ ചേർത്താണ് കോടതിയിൽ ഹരജി സമർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.