ഇ.ഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ഇ.ഡി പേടിയില്‍ വിറളി പൂണ്ട വെള്ളാപ്പള്ളിയുടെ ജല്‍പ്പനങ്ങളാണ് മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവനയെന്ന് എസ്.ഡി.പി.ഐ. ഗോകുലം ഗോപാലനെ ഉള്‍പ്പെടെ ഇ.ഡി ലക്ഷ്യം വെച്ചപ്പോള്‍ വെള്ളാപ്പള്ളിയുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.
ബി.ജെ.പി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കള്ളപ്പണ കേസില്‍ ഇഡി നല്‍കിയ കുറ്റപത്രത്തില്‍ വെള്ളാപ്പള്ളിയുടെ മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാറിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്തി ഇ.ഡി അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാമെന്നാണ് വെള്ളാപ്പള്ളി വ്യാമോഹിക്കുന്നത്.
കൂടാതെ താന്‍ കടുത്ത വര്‍ഗീയവാദിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൃത്യമായ ഇടവേളകളില്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം വെള്ളാപ്പള്ളിയുടെ ഉള്ളിലുള്ള വര്‍ഗീയ വിഷത്തിന്റെ നുരഞ്ഞുപൊന്തലായിരുന്നു. മലപ്പുറം ജില്ലയ്‌ക്കെതിരെയും അവിടുത്തെ ജനങ്ങള്‍ക്കെതിരേയും നടത്തിയ പ്രസ്താവന അങ്ങേയറ്റം വംശീയവും അപകീര്‍ത്തികരവുമാണ്.
മലപ്പുറം ജില്ലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ അവിടുത്തെ സൗഹൃദത്തിലും ആതിഥ്യ മര്യാദയിലും ആകൃഷ്ടരായി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ശിഷ്ടകാല ജീവിതത്തിന് ജില്ലയെ തെരഞ്ഞെടുത്ത അനുഭവം പോലുമുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന തികച്ചും ബോധപൂര്‍വമാണ്.
മുമ്പ് പലതവണ വെള്ളാപ്പള്ളി അങ്ങേയറ്റം വിഷലിപ്തവും സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതുമായ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട്. മാന്‍ഹോളില്‍ വീണയാളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോള്‍ പോലും വിഷം ചീറ്റിയ കൊടും വര്‍ഗീയവാദിയാണ് വെള്ളാപ്പള്ളി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ എ.എം. ആരിഫിനെ എൽ.ഡി.എഫ് മല്‍സരിപ്പിച്ചപ്പോഴും അതിനീചമായ നിലയില്‍ പ്രസ്താവന നടത്തിയിരുന്നു.
അത് മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും ബി.ജെ.പി വോട്ട് വര്‍ധിപ്പിക്കാനും വരെ കാരണമായി. ആർ.എസ്.എസിനെ പോലും വെല്ലുന്ന തരത്തില്‍ വംശീയതയും വര്‍ഗീയതയും വിളമ്പുന്ന വെള്ളാപ്പള്ളി ഇടതു സര്‍ക്കാരിന്റെ നവോഥാന നായകനാണെന്നതാണ് ഏറെ പരിഹാസ്യം. കേരളത്തിലങ്ങോളമിങ്ങോളം പല തവണ വിഷം വമിപ്പിക്കുന്ന പ്രസ്താവന നടത്തിയിട്ടുള്ള വെള്ളാപ്പള്ളിയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും ഭയക്കുകയാണ്.
മുസ് ലിം സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന് കേന്ദ്രബിജെപി സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയപ്പോള്‍ അത്യാഹ്ലാദം നടത്തിയ വംശീയവാദിയാണ് വെള്ളാപ്പള്ളി. നിരന്തരം വംശീയ വിദ്വേഷ പ്രസ്താവന നടത്തി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കാന്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.