കണ്ടല സഹകരണ ബാങ്കിലും ഇ.ഡി; ആറിടത്ത് റെയ്ഡ്
text_fieldsകാട്ടാക്കട (തിരുവനന്തപുരം): കരുവന്നൂരിന് പിന്നാലെ കണ്ടല സർവിസ് സഹകരണബാങ്കിലെ ക്രമക്കേടിലും ഇ.ഡി ഇടപെടൽ. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലുമായി ആറിടങ്ങളിൽ ഇ.ഡി സംഘം റെയ്ഡ് നടത്തി. ബാങ്ക് പ്രസിഡന്റായിരുന്ന സി.പി.ഐ നേതാവ് ഭാസുരാംഗൻ കസ്റ്റഡിയിലാണെന്ന് വിവരമുണ്ട്. മകന്റെ പൂജപ്പുരയിലെ വീട്ടിൽനിന്നാണ് രാത്രിയോടെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതത്രെ. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന ഭാസുരാംഗന്റെ ഭരണസമിതിക്കെതിരെ 101 കോടി രൂപയുടെ തിരിമറി ആക്ഷേപമാണ് ഉയർന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇ.ഡിക്ക് കൈമാറിയിരുന്നു. 101 കോടിയുടെ ആസ്തി ശോഷണം ബാങ്കിന് സംഭവിച്ചിട്ടുണ്ടെന്നും 35 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. ഈയിടെ ഭരണസമിതി രാജിവെച്ചതോടെ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്. കണ്ടല ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് പത്തംഗ ഇ.ഡി സംഘം പരിശോധിച്ചത്. ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട് പൂട്ടിയനിലയിലായതിനാല് വീട്ടിനുള്ളിൽ കടക്കാനായില്ല. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും പരിശോധന നടത്തി. ബാങ്കിലെ മുന്സെക്രട്ടറിമാരായിരുന്ന രാജേന്ദ്രന് നായര്‍, ശാന്തകുമാരി, മോഹന്‍ കുമാര്‍, കലക്ഷൻ ഏജന്റ് അനില്‍കുമാർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. പരിശോധന വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ടവരും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.
തട്ടിപ്പ് നടത്തിയ തുക ഭാസുരാംഗനിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും മുൻ ഭരണസമിതി അംഗങ്ങളിൽനിന്നും തിരിച്ചുപിടിക്കണമെന്നാണ് സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.