കരുവന്നൂർ ബാങ്കിൽ വീണ്ടും ഇ.ഡി പരിശോധന
text_fieldsതൃശൂർ: ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കഴിഞ്ഞ തവണ പരിശോധനക്ക് എത്തിയപ്പോൾ സീൽ ചെയ്തിരുന്ന ബാങ്ക് സെക്രട്ടറിയുടെ മുറി തുറന്ന സംഘം ഓഫിസിലെ ഫയലുകളും കമ്പ്യൂട്ടറും അനുബന്ധ ഫയലുകളും പരിശോധിച്ചു. 104 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സർക്കാറിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, 300 കോടിയിലധികം രൂപയുടെ തട്ടിപ്പും നിയമവിരുദ്ധ ഇടപാടുകളും നടന്നതായാണ് ആക്ഷേപവും വിവിധ ഏജൻസികളുടെ നിഗമനവും.
കഴിഞ്ഞ 10ന് ഇ.ഡി സംഘം 20 മണിക്കൂറിലധികം ബാങ്ക് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയാണ് വ്യാഴാഴ്ചയിലെ പരിശോധന. രാവിലെ പത്തോടെ ഇ.ഡി കൊച്ചി യൂനിറ്റ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരാണ് ബാങ്ക് ഹെഡ് ഓഫിസിൽ എത്തിയത്.
കഴിഞ്ഞ തവണ ഉപഭോക്താക്കളെ അകത്തേക്ക് കടത്തിവിടാതിരുന്നത് ഏറെ വിവാദത്തിന് ഇടയാക്കിയതിനാൽ ഇത്തവണ ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പരിശോധന. സെക്രട്ടറിയുടെ മുറിയിലെ ഫയലെടുത്തായിരുന്നു പരിശോധിച്ചത്. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിലെടുത്തു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 10ന് നടത്തിയ പരിശോധന വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.