സി.എസ്.ഐ ആസ്ഥാനത്ത് ഇ.ഡി പരിശോധന; ബിഷപ് ധർമരാജ് റസാലത്തെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പരിശോധന നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ബിഷപ് ധർമരാജ് റസാലത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബിഷപ് ധർമരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. പുലർച്ച ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.
സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനമായ എൽ.എം.എസിന് പുറമെ സഭക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജ്, സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്‍റെ ശ്രീകാര്യത്തിന് സമീപമുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പ്രവീൺ വീട്ടിലില്ലായിരുന്നെന്നാണ് വിവരം. പുലർച്ചയോടെയാണ് ഇ.ഡി പരിശോധന ആരംഭിച്ചത്. സി.എസ്.ഐ ആസ്ഥാനത്ത് രാവിലെ ആരംഭിച്ച ബിഷപ്പിനെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയും രാത്രി ഏഴരവരെ നീണ്ടു. മാധ്യമപ്രവർത്തകരെയും പൊലീസുകാരെയും ഉൾപ്പെടെ ആസ്ഥാനത്തിന് പുറത്തേക്ക് ഇറക്കിയായിരുന്നു പരിശോധന. കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നേരത്തേ ഹൈകോടതിയിൽ ഹരജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാൻ ഇ.ഡിയോട് നിർദേശിക്കണമെന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഹൈകോടതി വലിയ തിമിംഗലങ്ങൾ രക്ഷപ്പെടരുതെന്ന് പരാമർശിച്ചിരുന്നു.
സി.എസ്.ഐ ആസ്ഥാനത്ത് പരിശോധന നടക്കുന്നതിനിടെ സമാന്തരമായി മറ്റിടങ്ങളിലും പരിശോധന നടക്കുകയായിരുന്നു. സി.എസ്.ഐ ആസ്ഥാനത്ത് ഇ.ഡി പരിശോധന നടക്കുന്നതായി അറിഞ്ഞ് ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആസ്ഥാനത്തിന് മുന്നിൽ എത്തിയിരുന്നു. ഇവർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുകയായിരുന്നു. സഭയെ തകർക്കാനും വിശ്വാസികളെ തെറ്റിധരിപ്പിക്കാനും ചിലർ നടത്തുന്ന ശ്രമത്തിന്‍റെ ഫലമായാണ് ഇ.ഡി പരിശോധന നടന്നതെന്നും ബിഷപ്പിനെതിരെ ഒരു തെളിവും ഇ.ഡിക്ക് ലഭിച്ചില്ലെന്നും സഭാധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.