തിരുവല്ല ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇ.ഡി പരിശോധന
text_fieldsപത്തനംതിട്ട: ബിലീവേഴ്സ് ചർച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും കുടുംബങ്ങൾ ബിലീവേഴ്സ് ചർച്ചുവഴി വിദേശത്തേക്ക് പണംകടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്.
കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫിസ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, സഭ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാവിലെ എട്ടിന് പതിനഞ്ചോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന ആരംഭിച്ചത്. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷാണ് മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ബിലീവേഴ്സ് ചർച്ച് മുഖേന അമേരിക്കയിലേക്ക് പണംകടത്തുന്നുവെന്ന ആരോപണമുയർത്തിയത്. ബിലീവേഴ്സ് ചർച്ചിന്റെ ആളെന്ന നിലയിൽ താനുമായി ഇടപെട്ട ഷാജ്കിരണാണ് മുഖ്യമന്ത്രിയും കോടിയേരിയും ബിലീവേഴ്സ് ചർച്ചിനെ മറയാക്കി ഫണ്ട് അമേരിക്കയിലേക്ക് കടത്തുന്നുവെന്ന് പറഞ്ഞതെന്നാണ് സ്വപ്ന അവകാശപ്പെട്ടത്.
ബിലീവേഴ്സ് ചർച്ച് എരുമേലിയിൽ കൈവശംവെച്ചിരിക്കുന്ന ഭൂമി ശബരിമല വിമാനത്താവളത്തിനുവേണ്ടി വിലയ്ക്ക് വാങ്ങാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ചാരിറ്റിക്ക് വേണ്ടി വിദേശത്തുനിന്ന് ലഭിച്ച തുക സഭ റിയൽ എസ്റ്റേറ്റ് ബിസിനസിന് വിനിയോഗിച്ചു എന്ന് ആക്ഷേപമുണ്ട്. ഈ ഭൂമി സർക്കാറിന്‍റേതാണെന്ന് റവന്യൂ വകുപ്പ് അവകാശപ്പെടുന്നതിനിടെയാണ് അത് വിലകൊടുത്തു വാങ്ങാൻ സർക്കാർ നീക്കമുണ്ടായത്.
2020 നവംബറിൽ ബിലീവേഴ്സ് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിദേശ ഫണ്ട് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്ന് പറഞ്ഞത്. പിന്നീട് തുടർനടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.