കിഫ്ബിക്കെതിരെ അന്വേഷണവുമായി ഇ.ഡി; റിസർവ് ബാങ്കിനോട് വിശദാംശം തേടി
text_fieldsതിരുവനന്തപുരം: കിഫ്ബി വഴി ലണ്ടൻ സ്റ്റോക് എക്സേഞ്ചിൽനിന്ന് മസാല ബോണ്ടുകൾ വാങ്ങിയതിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. ബോണ്ട് വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി റിസർവ് ബാങ്കിന് ഇ.ഡി കത്ത് നൽകി. കിഫ്ബി വായ്പാ ഇടപാട് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
കടമെടുപ്പ് സംസ്ഥാനത്തിന് 3100 കോടിയുടെ ബാധ്യത വരുത്തി െവച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസാല ബോണ്ട് വഴി 2150 കോടി 7.23 ശതമാനം പലിശക്ക് കടമെടുത്തത് പരിശോധിക്കുന്നത്.
കേന്ദ്ര സര്‍ക്കാർ അനുമതി ആവശ്യമാണോ, ഫെമ നിയമത്തിെൻറ ലംഘനമുണ്ടോ, റിസര്‍വ് ബാങ്ക് എൻ.ഒ.സി കൂടാതെ മറ്റ് അനുമതികള്‍ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. മസാല ബോണ്ട് അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കത്തുകളുടെയും അപേക്ഷകളുടെയും പകര്‍പ്പും മറുപടിയും അടക്കം രേഖകള്‍ കൈമാറണണമെന്നും റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ കിഫ്ബിയോടും ആവശ്യപ്പെടും. ചട്ടലംഘനം കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് വിവരം.
സ്വർണക്കടത്ത് കേസിൽ തുടങ്ങി ലൈഫ് മിഷനിലും കെ ഫോൺ അടക്കം സർക്കാറിെൻറ പല പദ്ധതികളിലും കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുന്നതിനിടയിലാണ് കിഫ്ബിയിലേക്കും അതിെൻറ പ്രധാന വരുമാനമാർഗമായ മസാല ബോണ്ടിലേക്കും ഇ.ഡി എത്തുന്നത്.
അതേസമയം കിഫ്ബിയെ പരാമർശിക്കുന്ന സി.എ.ജി റിപ്പോർട്ടിനെ നിയമപരമായി നേരിടാൻ സർക്കാർ നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.