'കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരും'; വീണക്കെതിരെ കേസെടുക്കാനൊരുങ്ങി ഇ.ഡി; എസ്.എഫ്.ഐ.ഒയോട് മാസപ്പടി കേസിന്റെ രേഖകൾ ആവശ്യപ്പെട്ടു
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്.എഫ്.ഐ.ഒയോട് ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്ന ഇ.ഡി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് പറയുന്നത്.
നേരത്തെ കർണാടക ഹൈക്കോടതിയിൽ ഈ കേസ് വന്നപ്പോഴാണ് ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിം.എം.ആർ.എൽ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങൾക്കുമെതിരെ കമ്പനികാര്യചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതൽ 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വീണ ഉൾപ്പെടെയുള്ളവർക്കെതിരായ 166 പേജ് കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം നിലപാട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.