കിഫ്ബി ഇടപാട്: തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്; ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
text_fieldsകൊച്ചി: ധനമന്ത്രിയായിരുന്ന കാലത്ത് കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരുവർഷം മുമ്പ് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി എം.ഡി വിക്രംജിത്ത് സിങ്ങിനെയും ഇ.ഡി നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. എന്നാല്‍, അവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബി.ജെ.പിയുടെ പ്രചാരണ യോഗത്തില്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇ.ഡി കേസെടുത്തത്. ഇ.ഡി ജോയന്റ് ഡയറക്ടറാണ് ഇപ്പോൾ തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങള്‍ (ഫെമ) ചൂണ്ടിക്കാണിച്ചാണ് ഐസക്കിനെ വിളിച്ചുവരുത്തുന്നതെന്ന് അറിയുന്നു. 2021 മാർച്ചിൽ ഇ.ഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലെ പണമിടപാടുകൾ സംബന്ധിച്ച് വ്യക്തത തേടിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ആദായനികുതി വകുപ്പ് നിർദേശം നല്‍കിയത്.
ഇതുസംബന്ധിച്ച് കിഫ്ബിക്ക് ആദായ നികുതി വകുപ്പ് നോട്ടീസും അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്നാണ് മുമ്പ് കിഫ്ബി മറുപടി നൽകിയിരുന്നത്. സമന്‍സില്‍ വ്യക്തതയില്ലെന്നും രേഖാമൂലം അറിയിച്ചു. കിഫ്ബി ഇടപാടുകൾ സംബന്ധിച്ച് നേരത്തേ ഇ.ഡിക്ക് വിവരങ്ങൾ നൽകിയിരുന്നതാണെന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാമെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.