സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കേസ് റദ്ദാക്കാൻ ഇ.ഡി കോടതിയിൽ
text_fieldsകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതിയായ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ. ദുരുദ്ദേശ്യപരമായാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ൈക്രംബ്രാഞ്ച് കേസെടുത്തതെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം തടസ്സപ്പെടുത്താനും സത്യസന്ധമായ വിചാരണ തടയാനുമാണ് ഈ നീക്കമെന്നും ആരോപിച്ച് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് ഹരജി നൽകിയിരിക്കുന്നത്്.
ഹരജി ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ മാറ്റി. ഉന്നതർക്ക് പങ്കുള്ള കേസിലെ അന്വേഷണത്തെ ബാധിക്കുംവിധം ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്താനാണ് കേസെടുത്തതെന്ന് ഹരജിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം. ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങിയശേഷം സംസ്ഥാന സർക്കാറിെൻറ സംവിധാനങ്ങൾ ഉപേയാഗിച്ച് മറ്റു പ്രതികളിൽ സ്വാധീനം ചെലുത്തി ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ ചമക്കുകയാണ്. പ്രതികളുടെയും ഇവരെ സഹായിക്കുന്നവരുടെയും താളത്തിനൊത്തു തുള്ളുകയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. കേരളത്തിൽ നിയമവാഴ്ച നടപ്പാക്കുന്നത് ക്ലേശകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥരുെട ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുംവിധമുള്ള കേസ് നിലനിൽക്കില്ല. കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി നിയമവിരുദ്ധവും ഇ.ഡിയുടെ അന്വേഷണത്തിലുള്ള ഇടപെടലുമാണ്. ഇ.ഡിയുടെ അന്വേഷണം തടസ്സപ്പെടുമെന്നതിനാൽ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് റദ്ദാക്കാനാവില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിൽ അന്വേഷണം തുടരുകയാണ്. 2020 ആഗസ്റ്റ് അഞ്ചു മുതൽ 17 വരെ കസ്റ്റഡിയിൽ വിട്ട സമയത്ത് മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് സുരക്ഷക്ക് നിയോഗിച്ചിരുന്ന രണ്ട് വനിത പൊലീസുകാർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമോപദേശം തേടിയ ശേഷം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മാർച്ച് 17ന് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഹരജി ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് ഹരജിക്കാരെൻറ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.