ഇ.ഡി ഉദ്യോഗസ്ഥർ അനുഗ്രഹിച്ചാണ് മടങ്ങിയത് -ഗോകുലം ഗോപാലൻ
text_fieldsചെന്നൈ: ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ബ്ലെസ് ചെയ്താണ് മടങ്ങിയതെന്ന് വ്യവസായി ഗോകുലം ഗോപാലൻ. ഇ.ഡി പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി പരിശോധനക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് സ്വാഭാവിക പരിശോധന മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോടമ്പാക്കത്തെ ഗോകുലം ചിട്ട്സ് ആൻഡ് ഫിനാൻസിലും നീലാങ്കരയിലെ വസതിയിലും ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. പ്രവാസികളിൽനിന്ന് 591.54 കോടി പിരിച്ചെടുത്തതിന്റെയും വിദേശത്തേക്ക് പണം കൈമാറിയതിന്റെയും രേഖകളാണ് കണ്ടെത്തിയത്. 370.80 കോടി പണമായും 220. 74 കോടി ചെക്കുകളിലായുമാണ് സ്വീകരിച്ചതെന്ന് ഇ.ഡി കേന്ദ്രങ്ങൾ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പരിശോധന നടപടികൾ ശനിയാഴ്ച പുലർച്ച വരെ നീണ്ടു. കൊച്ചിയിൽനിന്നെത്തിയ പ്രത്യേക ഇ.ഡി സംഘമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടുണ്ടായിരുന്ന ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോപാലനെ വെള്ളിയാഴ്ച ചെന്നൈയിലേക്ക് അടിയന്തരമായി വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട്ടും ചെന്നൈയിലുമായി ഏഴര മണിക്കൂറോളം ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് വിധേയനായി.
ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്ന ഇ.ഡിയുടെ കണ്ടെത്തലില്‍ തുടരന്വേഷണം നടക്കും. ആർ.ബി.ഐയെയും റെയ്ഡിന്റെ വിവരങ്ങള്‍ അറിയിക്കും. മൂന്നുമാസക്കാലമായി ഗോകുലം സ്ഥാപനങ്ങൾ നിരീക്ഷണത്തിലായിരുന്നുവെന്നും എമ്പുരാൻ സിനിമ വിവാദങ്ങളുമായി ഇപ്പോഴത്തെ പരിശോധനക്ക് ബന്ധമില്ലെന്നുമാണ് ഇ.ഡി അധികൃതർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.