ഇ.ഡി അന്വേഷണം സി.പി.എം കണ്ണൂർ നേതാക്കളിലേക്കും
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടിൽ ഇ.ഡിയുടെ അന്വേഷണം കണ്ണൂർ കേന്ദ്രീകരിച്ചുള്ള സി.പി.എം നേതാക്കളിലേക്കും നീങ്ങുന്നതായി സൂചന. കേസിൽ ഒന്നാം പ്രതിയാക്കിയ കണ്ണൂർ സ്വദേശിയും ഇപ്പോൾ തൃശൂരിൽ താമസക്കാരനുമായ പലിശ ഇടപാടുകാരൻ സതീഷ് കുമാറിന്റെ ബന്ധവും ഇടപാടുകളും സംബന്ധിച്ച് ലഭിച്ച വിവരങ്ങളിലാണ് അന്വേഷണം കണ്ണൂർ നേതാക്കളിലേക്കും നീങ്ങുന്നത്. എ.സി. മൊയ്തീനെ കൂടാതെ മറ്റൊരു മുതിർന്ന നേതാവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്കും ഇ.ഡി നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
ഈ നേതാവിനുനേരെയും അന്വേഷണം ഉണ്ടായേക്കുമെന്ന് പറയുന്നു. ഇതിനൊപ്പം ഒരു എം.എൽ.എക്കും മുൻ എം.പിക്കും പണം ലഭിച്ചതിന് തെളിവുണ്ടെന്ന സൂചനകൾ എത്തുന്നത് സി.പി.എം നേതൃത്വത്തിനുനേരെയാണ്. പണം കൈമാറുന്നത് നേരിട്ട് കണ്ടുവെന്ന സാക്ഷിമൊഴികളും പണമിടപാട് സംബന്ധിച്ച ടെലിഫോൺ സംഭാഷണവും ലഭിച്ചുവെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സതീഷ് കുമാർ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങളും ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തൃശൂർ ജില്ലയിലെ സി.പി.എം ഭരിക്കുന്ന ബാങ്കുകളിൽ ചില ഇടപാടുകൾ നടന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ അതിന്മേൽ പരിശോധന ഉണ്ടായേക്കുമെന്നാണ് സൂചന.
ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള 10ലധികം സഹകരണ ബാങ്കുകളിൽ സതീഷ് കുമാർ വായ്പ ഇടപാട് നടത്തിയതായി വ്യക്തമായിട്ടുണ്ട്. മുതിർന്ന നേതാക്കളുമായുള്ള ബന്ധവും സ്വാധീനവും കാരണം ബാങ്കുകളിലെ ഭരണസമിതി അംഗങ്ങൾ മുതൽ ജീവനക്കാർ വരെ സതീഷിന്റെ ഇടപാടുകൾക്ക് സൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തൽ.
വായ്പ കുടിശ്ശികയാവർക്ക് മുന്നിൽ രക്ഷകനായി അവതരിച്ചാണ് സതീഷ് കുമാർ തട്ടിപ്പിന് കളമൊരുക്കിയത്. സതീഷ് കുമാറിനെ നേതാക്കളും ആവശ്യം പോലെ ഉപയോഗിച്ചു. മുൻ മന്ത്രിമാരും മുൻ എം.പിമാരുമടക്കം സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിൽ പങ്കാളികളായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എ.സി. മൊയ്തീനുമായി അടുപ്പമുള്ള തൃശൂർ കോർപറേഷൻ കൗൺസിലറെയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
സതീഷ് കുമാറിന്റെ അക്കൗണ്ടിൽനിന്ന് വടക്കാഞ്ചേരി നഗരസഭ കൗൺസിലറുടെ അക്കൗണ്ടുകളിലേക്ക് വൻ തുക കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സതീഷനുമായി ബന്ധമുള്ള മറ്റ് ഇടപാടുകളിലും പരിശോധന നടക്കുകയാണ്.11നാണ് എ.സി. മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ സാക്ഷികൾക്ക് നൽകുന്ന നോട്ടീസാണ് മൊയ്തീന് നൽകിയിട്ടുള്ളത്.
എം.എൽ.എക്കും മുൻ എം.പിക്കും പണം ലഭിച്ചെന്ന് ഇ.ഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എം.പിക്കും എം.എൽ.എക്കും പണം ലഭിച്ചെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീന്റെ ബിനാമികളെന്ന് ഇ.ഡി സംശയിക്കുന്ന തൃശൂർ കോലഴി അഞ്ചനം വീട്ടിൽ പി. സതീഷ് കുമാർ (56), കൊടുങ്ങല്ലൂർ പെരിഞ്ഞനം പള്ളത്ത് വീട്ടിൽ പി.പി. കിരൺ (33) എന്നിവരെ ചോദ്യം ചെയ്തശേഷം കലൂരിലെ കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ.ഡി. ഇക്കാര്യം ബോധിപ്പിച്ചത്.
മുൻ എം.പിയുമായുള്ള ഫോൺ സംഭാഷണത്തിന് തെളിവുണ്ടെന്നും സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും ഇ.ഡി ബോധിപ്പിച്ചു. അഞ്ചു കോടി രൂപ പ്രതികൾ കൈമാറിയതായി തെളിവുണ്ടെന്നും ഇ.ഡി പറഞ്ഞു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇരുവരെയും ഈ മാസം 19വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നിയമവിരുദ്ധമായി നിരവധി വായ്പകൾ ബാങ്കിൽനിന്ന് അനുവദിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഒരേ വസ്തു ഈടാക്കി രണ്ട് വായ്പ അനുവദിച്ചതിന്റെ വിശദാംശങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കിൽ 300 കോടിയുടെ ബിനാമി വായ്പ തട്ടിപ്പ് നടന്നതായാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.