പ്ലസ്ടു കോഴ: കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടി
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. എം.എൽ.എ ആയിരിക്കെ ഷാജി അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴവാങ്ങിയതുമായി ബന്ധപ്പെട്ടാണ് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഭൂസ്വത്ത് താൽക്കാലികമായി കണ്ടുകെട്ടിയത്.
കക്കോടി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത വേങ്ങേരി വില്ലേജിലെ ഭൂസ്വത്താണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടു ചേർന്ന് ആശയുടെ പേരിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്ന ഭൂമിയാണിത്. വീട് നിർമാണം തുടങ്ങിയതിനുപിന്നാലെയാണ് ഈ ഭൂമി വാങ്ങിയത്. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കണ്ടുകെട്ടൽ നടപടി.
പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് 2020 ഏപ്രിൽ 18ന് വിജിലൻസ് കണ്ണൂർ യൂനിറ്റ് അഴിമതി നിരോധന നിയമപ്രകാരം ഷാജിക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ചിലർ കോഴയിടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് പരാതി നൽകിയതോടെ ഇ.ഡി അന്വേഷണം ആരംഭിച്ചു. എം.എൽ.എ ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചുകിട്ടാൻ 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റിൽനിന്ന് കോഴവാങ്ങിയെന്നായിരുന്നു ആരോപണം. സ്കൂളിൽ പുതുതായി ചേർന്ന അധ്യാപികയിൽനിന്നുള്ള തുകയാണ് ഷാജി കൈപ്പറ്റിയത് എന്നാണ് വിവരം. പിന്നീട് സ്കൂൾ മാനേജ്മെന്റിെൻറ വാർഷികയോഗത്തിൽ ഇതുസംബന്ധിച്ച് കണക്കുകളിലെ പൊരുത്തക്കേടുകൾ ചർച്ചയായതോടെയാണ് സംഭവം പുറത്തറിയുന്നതും ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ കേസായതും.
കേസുമായി ബന്ധപ്പെട്ട് അഴീക്കോട്ടെയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിലെയും നേതാക്കളിൽ നിന്ന് മൊഴിയെടുത്ത ഇ.ഡി പത്തോളം തവണയാണ് ഷാജിയെയും ആശയെയും ചോദ്യംചെയ്തത്. മാത്രമല്ല, ഷാജിയുടെയും ബന്ധുക്കളുടെയും പേരിലുള്ള മുഴുവൻ സ്വത്തുവിവരങ്ങളുടെയും കണക്കെടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങിക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരുമാനം വരവിനേക്കാള്‍ 166 ശതമാനം വർധിച്ചെന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുമാണ് വിജിലൻസ് നേരത്തേ കണ്ടെത്തിയത്. ഇതിനിടെ കണ്ണൂർ അലവിൽ മണലിലെ വീട്ടിൽനിന്ന് 47,35,500 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം.
നിയമപരമായി നേരിടും -കെ.എം. ഷാജി
സി.പി.എം കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് നടത്തുന്ന വേട്ടയെ നിയമപരമായി നേരിട്ട് തോൽപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. വിജിലന്‍സ് അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് തളളിയ പരാതി വീണ്ടും പൊടിതട്ടിയെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിന് കൈമാറിയത് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.
സംഘ്പരിവാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്നുവെന്നു വിളിച്ചു പറയുന്ന സി.പി.എം തന്നെ അതേ ഏജന്‍സിയെ കൂട്ടുപിടിച്ച് പകപോക്കുകയാണ്. പ്ലസ് ടു കൈക്കൂലി ആരോപണം തെളിയിക്കാനാവാതെ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമാണം തുടങ്ങിയ വീടിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പി.ഡബ്ല്യു.ഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതില്‍ 25 ലക്ഷം കണക്കില്‍ പെടാത്തതുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു -ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.