സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി 10ഓടെയാണ് അവസാനിച്ചത്. വ്യാഴാഴ്ച 13 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
രവീന്ദ്രെൻറയും കുടുംബാംഗങ്ങളുടെയും സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ച പ്രധാനമായും ചോദ്യംചെയ്യൽ. തെൻറയും കുടുംബാംഗങ്ങളുടെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ രവീന്ദ്രൻ ഹാജരാക്കിയിരുന്നു. ഇത് ഇ.ഡി അധികൃതർ വിശദമായി പരിശോധിച്ചു.
ഇതിെൻറ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് പുറമെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധവും ഇടപാടുകളും സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ലൈഫ് മിഷനും കെ-ഫോണും ഉൾപ്പെടെ സർക്കാർ പദ്ധതികൾ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വെള്ളിയാഴ്ചയുണ്ടായി. പലതിനും വ്യക്തമായ മറുപടി നൽകിയില്ല. രവീന്ദ്രെൻറ ഉപദേശപ്രകാരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ എം. ശിവശങ്കറിെൻറ പല നടപടികളും അദ്ദേഹത്തിെൻറ നിർദേശമനുസരിച്ചായിരുന്നെന്ന് ഇ.ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റ് പലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം രവീന്ദ്രനിലേക്ക് തിരിഞ്ഞത്. വ്യാഴാഴ്ച രാത്രി 11.15ന് വിട്ടയച്ച രവീന്ദ്രൻ കൊച്ചിയിൽ തങ്ങി വെള്ളിയാഴ്ച രാവിലെ വീണ്ടും ഇ.ഡി ഓഫിസിൽ ഹാജരാകുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചോദ്യംചെയ്യലിനിടെ കൂടുതൽ സമയം വിശ്രമം അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.