കലിതുള്ളി അൻവർ, ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യുകയായിരുന്നെന്ന് പരിഹാസം
text_fieldsകൊച്ചി: കർണാടകയിലെ ക്വാറി ഇടപാടിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി എട്ടരയോടെയാണ് വിട്ടയച്ചത്. പുറത്തിറങ്ങിയ അൻവർ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് മാത്രമല്ല, മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തു.
പുറത്തിറങ്ങിയ അൻവറിനോട് ചോദ്യങ്ങളുന്നയിച്ചപ്പോഴാണ് മറുപടി പറയാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരോട് കയർത്തത്. ഇന്ത്യയും പാകിസ്താനും തമ്മിലെ കളിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പരിഹസിച്ച അദ്ദേഹം, കാറിൽ കയറി മടങ്ങുകയും ചെയ്തു.
മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്വാറി ഇടപാടിന്‍റെ പേരിൽ അൻവർ പണം തട്ടിയെന്നാരോപിച്ച് മലപ്പുറം ഏറനാട് സ്വദേശി സലീം നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. പത്തു ശതമാനം ഓഹരിയും 50,000 രൂപ വീതം മാസംതോറും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്നാണ് പരാതി. കേസെടുക്കാന്‍ പൊലീസ് തയാറാവാതിരുന്നതിനെ തുടർന്ന് സലീം നൽകിയ ഹരജിയിൽ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിർദേശ പ്രകാരമാണ് വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്.
2017ൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി സലീം നൽകിയ ഹരജിയിൽ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ, കേസ് സിവിൽ സ്വഭാവത്തിലുള്ളതാണെന്ന് കാട്ടി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് തള്ളിയ കോടതി, വിശദ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇടപാടിൽ വന്‍തോതിൽ കള്ളപ്പണം കൈമാറ്റം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരൻ ഇത് സംബന്ധിച്ച് ഇ.ഡിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.