വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കരിമണൽ കമ്പനി എം.ഡി. ശശിധരൻ കർത്തയെ ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സും കരിമണൽ കമ്പനിയായ സി.എം.ആര്.എല്ലും തമ്മിലെ ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സി.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു.
നോട്ടീസ് നൽകിയിട്ടും ആരോഗ്യപ്രശ്നം പറഞ്ഞ് ഹാജരാകാതിരുന്ന സാഹചര്യത്തിൽ കർത്തയുടെ ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. സി.എം.ആർ.എൽ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽതന്നെ കർത്തയെയും ചോദ്യം ചെയ്യാൻ ഇ.ഡി നീക്കംനടത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്രചെയ്യാൻ കഴിയില്ലെന്ന് കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കി.
കഴിഞ്ഞ ദിവസം സി.എം.ആര്.എല്ലിലെ വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ 24 മണിക്കൂറോളം തുടർച്ചയായി ചോദ്യംചെയ്തിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെവരെ ചോദ്യംചെയ്തത്. ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാർ, കാഷ്യർ വാസുദേവൻ എന്നിവരെയും ചോദ്യംചെയ്തിരുന്നു. മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പ് മുമ്പാകെ എക്സാലോജിക് കമ്പനിക്കെതിരെ മൊഴി നൽകിയവരാണ് പി. സുരേഷ് കുമാറും വാസുദേവനും. ഇവരുടെ മൊഴികൾ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന കേസിലും (പി.എം.എൽ.എ) നിർണായകമാണ്.
ഹാജരായ ജീവനക്കാരോട് വ്യക്തിഗത വിവരങ്ങൾക്കുപുറമെ ഇ.ഡി ആവശ്യപ്പെട്ടത് എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളുമാണ്. കരാർ വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് 2023 ജൂൺ 12ന് പരിശോധിച്ച് തീർപ്പാക്കിയതാണെന്നും രഹസ്യ സ്വഭാവത്തിലുള്ള ഈ വിവരങ്ങൾ കൈമാറാനാകില്ലെന്നുമാണ് ചീഫ് ജനറൽ മാനേജറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും ആവർത്തിച്ചത്.
ഇത് മറ്റൊരു ഏജൻസിക്കും പരിശോധിക്കാൻ കഴിയില്ലെന്നും മൊഴിയുണ്ട്. രേഖകൾ ലഭിക്കാതായതോടെയാണ് ഇ.ഡി കർത്തയെ നേരിട്ടെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
എക്സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയിട്ടുണ്ടെന്നും എന്നാൽ, അത് എന്ത് സേവനത്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. സേവനം നൽകാതെ തുക കൈമാറിയത് സംബന്ധിച്ചാണ് കള്ളപ്പണം തടയൽ നിയമപ്രകാരം ഇ.ഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.