ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു ശിവശങ്കറുടെ ബിനാമിയോ സ്വപ്ന?
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ അഞ്ചാം പ്രതിയായ എം. ശിവശങ്കറുടെ ചോദ്യം ചെയ്യൽ തുടരുന്നു. നേരത്തേ പലതവണ നടന്ന ചോദ്യം ചെയ്യലുകളുടെ തുടർച്ചയായി, ഉത്തരം നൽകാത്ത ചോദ്യങ്ങൾ വീണ്ടും ഉന്നയിച്ച് സമ്മർദത്തിലാക്കി ഉത്തരത്തിലേക്കെത്തിക്കുക എന്ന തന്ത്രമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പയറ്റുന്നത്.
സ്വർണക്കടത്തുമായോ പ്രതികളുമായോ ഒരുബന്ധവുമില്ലെന്ന് ആദ്യ ചോദ്യം ചെയ്യലുകളിൽ അവകാശെപ്പട്ട ശിവശങ്കർ, പിന്നീട് ബന്ധങ്ങൾ ഓരോന്നായി അംഗീകരിച്ചിരുന്നു. മൊഴി നിഷേധിക്കാൻ കഴിയാത്തവിധം സാക്ഷികളെ എത്തിച്ച് സമ്മർദം കൂട്ടാനും ഇ.ഡി പദ്ധതിയിടുന്നുണ്ട്. ഇതിന് ശിവശങ്കറുടെ അടുത്ത സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെ വിളിച്ചുവരുത്തും. നേരത്തേ ശിവശങ്കറുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നൽകിയവരെയും അവർ നൽകിയ മൊഴികളും മുൻനിർത്തിയാണ് ചോദ്യം ചെയ്യുക.
ലോക്കറിലെ പണം, സ്വപ്ന സുരേഷുമായുള്ള ബന്ധം, സംസ്ഥാന ഭരണനേതൃത്വത്തിലെ ആർക്കെങ്കിലും ഇടപാടുകളിൽ പങ്കാളിത്തമുണ്ടോ എന്നീ മൂന്ന് കാര്യത്തിലൂന്നിയാണ് ചോദ്യം ചെയ്യൽ.
ഇതിൽ സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച പണത്തിലെ ശിവശങ്കറുടെ ഇടപെടലാണ് ഇ.ഡിക്ക് കൂടുതൽ സംശയമുണ്ടാക്കുന്നത്. ലോക്കറിൽ സൂക്ഷിച്ച പണത്തിൽ ശിവശങ്കർ അമിത താൽപര്യം കാണിക്കാൻ കാരണം, ഇത് സ്വപ്നയുേടതുതന്നെയാണോ, ശിവശങ്കറുടെ പണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ, സ്വന്തം പണമല്ലെങ്കിൽ സ്വപ്നക്കൊപ്പം സംയുക്ത ലോക്കർ തുടങ്ങാൻ 25 കൊല്ലമായി താനുമായി അടുത്ത ബന്ധമുള്ള വിശ്വസ്തനായ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനോട് നിർദേശിച്ചത് എന്തിന്, കോൺസുൽ ജനറലിന് കൊടുക്കാനെന്ന് പറഞ്ഞ് മറ്റുപ്രതികളെ കബളിപ്പിച്ച് സ്വപ്ന അധികമായി നേടിയ 1000 ഡോളറിൽ ശിവശങ്കറിന് പങ്കുണ്ടോ, ഈ ലാഭം മുന്നിൽക്കണ്ടാണോ സ്വർണക്കടത്തിന് തുടക്കംകുറിക്കുന്നതിന് മുേമ്പ 2019 ഏപ്രിലിൽ കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലേക്കുള്ള ബാഗേജുകൾ പരിശോധന കൂടാതെ പുറത്തുവിടാൻ ആവശ്യപ്പെട്ടത് എന്നിങ്ങനെയാണ് സംശയങ്ങൾ.
കൂടാതെ, പണമിടപാടിൽ ശിവശങ്കറുടെ ബിനാമിയായി സ്വപ്ന പ്രവർത്തിക്കുകയായിരുന്നോ, കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിലും സ്വർണക്കടത്തിലും ശിവശങ്കർ അദൃശ്യ കമീഷൻ കൈപ്പറ്റിയിരുന്നോ, രാജിവെച്ചാലും അവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നറിഞ്ഞ് സ്വപ്നയോട് കോൺസുലേറ്റിലെ ജോലി രാജിവെക്കാൻ നിർദേശിച്ചത് ശിവശങ്കർ ആയിരുന്നില്ലെ, സ്വപ്നക്ക് സ്പേസ് പാർക്കിൽ ജോലി ഉറപ്പാക്കിയത് എന്തിനുവേണ്ടി, വേണുഗോപാലുമായി നടന്ന വാട്സ്ആപ് ചാറ്റിൽ പറയുന്ന സാറ ആരാണ് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇ.ഡി തേടുന്നു.
സംസ്ഥാന ഭരണത്തിലെയോ രാഷ്ട്രീയ നേതൃത്വത്തിലെയോ ആർക്കെങ്കിലും നിയമവിരുദ്ധ ഇടപാടിൽ പങ്കാളിത്തമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ശിവശങ്കർ ചെയ്തതായി ആരോപിക്കുന്ന ഇ.ഡി എത്രത്തോളം കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.