പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ വീടുകളിൽ ഇ.ഡി റെയ്ഡ്
text_fieldsമലപ്പുറം/ മഞ്ചേരി/ അരീക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻസ്ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മലപ്പുറം ജില്ലയിൽ മഞ്ചേരി, അരീക്കോട്, മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂർ സ്റ്റേഷൻ പരിധികളിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ആറോടെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. പരിശോധനയുടെ ഭാഗമായി മലപ്പുറം നഗരത്തിലടക്കം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
പി.എഫ്.ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. കേരള പൊലീസിന്റെയും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. മഞ്ചേരി പരിധിയിൽ രണ്ടിടങ്ങളിലായാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്. മങ്കട പഞ്ചായത്ത് അസി. എൻജിനീയർ മഞ്ചേരി പാലക്കുളം തടവള്ളി തയ്യിൽ അബ്ദുൽ ജലീൽ, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇരുവീടുകളിൽനിന്ന് ഏതാനും രേഖകൾ കസ്റ്റഡിയിലെടുത്തു.
അരീക്കോട്ട് മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബൂബക്കർ, മൂർക്കനാട് സ്വദേശിയായ അധ്യാപകൻ നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ എന്നിവരുടെ വീടുകളിലാണിത്. നൂറുൽ അമീന്റെ വീട്ടിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോണും ആധാരവും പിടികൂടി. ഹനീഫയുടെ വീട്ടിൽ നടന്ന പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരുപുസ്തകവും പിടികൂടി. ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. അബൂബക്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലും മൊബൈൽ ഫോൺ പിടിച്ചെടുത്തു.
മലപ്പുറം കോഡൂർ സ്വദേശിയും അധ്യാപകനുമായ അബ്ദുൽ അസീസ്, കൊണ്ടോട്ടി പുളിക്കൽ സ്വദേശി റഫീഖ്, വെങ്ങാട് സ്വദേശി ഹൈദർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഇവിടങ്ങളിൽനിന്ന് മൊഴി രേഖപ്പെടുത്തി ചില രേഖകൾ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.