അവകാശലംഘനമില്ല; ഫയൽ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ്
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ അവകാശമുണ്ടെന്ന് കാണിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മറുപടി നൽകി. നടപടിയിൽ അവകാശലംഘനമില്ലെന്നും ഇ.ഡി വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തിയത് സഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ എത്തിക്സ് കമ്മിറ്റി ഇ.ഡിയോട് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു.
ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരമുണ്ട്. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. വലിയ തോതിലുള്ള കൈക്കൂലി വാങ്ങിയിട്ടുണ്ട്. സ്വതന്ത്രമായ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഫയലുകള്‍ വിളിച്ചുവരുത്തിയത്. ഇത് നിയമസഭയുടെ അധികാരത്തിലുള്ള കടന്നുകയറ്റമല്ല. ഫയലുകൾ നൽകുന്നതിൽ ലൈഫ് മിഷൻ ഒരു എതിർപ്പും അറിയിച്ചിട്ടില്ലെന്നും ഇ.ഡി മറുപടിയിൽ വ്യക്തമാക്കി.
ലൈഫ് മിഷന്‍ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താന്‍ ഇ.ഡി ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് സി.പി.എം എം.എൽ.എ ജയിംസ് മാത്യു നിയമസഭയിൽ പരാതിപ്പെട്ടിരുന്നു. പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെയാണ് ഇ.ഡിയിൽ നിന്ന് വിശദീകരണം തേടിയത്. ഇതിനാണ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.