കൊടകര കുഴൽപണ കവർച്ച: അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ.ഡി
text_fieldsകൊച്ചി: കൊടകര കവർച്ചക്കേസുമായി ബന്ധപ്പെട്ട കുഴൽപണ ഇടപാടിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. കുറ്റപത്രം ഉടൻ സമർപ്പിക്കും. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയവും ഇ.ഡി ആവശ്യപ്പെട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിൽനിന്ന് ബി.ജെ.പിക്കുവേണ്ടി കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നെടുത്ത കേസിലാണ് ഇ.ഡിയുടെ അന്വേഷണം.
കേന്ദ്ര ഏജൻസികൾ കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്നുകാട്ടി കേസിലെ 51ാം സാക്ഷി സന്തോഷ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നവംബറിൽ കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ട് നൽകാൻ ഇ.ഡി കൂടുതൽ സമയം തേടിയതിനെ തുടർന്ന് മൂന്നാഴ്ചത്തെ സമയം അനുവദിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ഹരജി ജനുവരി 10ന് വീണ്ടും പരിഗണിക്കാൻ മാറ്റി.കേരളത്തിലേക്ക് കൊണ്ടുവന്ന 25 ലക്ഷം രൂപയും കാറും തൃശൂർ ജില്ലയിലെ കൊടകരയിൽ െവച്ച് കൊള്ളയടിച്ചതിനെ തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ബി.ജെ.പി കർണാടകയിൽനിന്ന് എത്തിച്ച കണക്കിൽപെടാത്ത 3.5 കോടി രൂപ കൂടി കൊള്ളയടിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഹരജിയിൽ പറയുന്നു. പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇ.ഡിയും ആദായനികുതി വകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹരജിയിൽ പറയുന്നത്. ഇ.ഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.