സംസ്ഥാനത്ത് വൻ ഹവാല റാക്കറ്റെന്ന് ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു
text_fieldsകൊച്ചി: സംസ്ഥാനത്ത് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയടക്കം മറവിൽ കോടികളുടെ ഹവാല ഇടപാട് നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 2.90 കോടിയുടെ കള്ളപ്പണവും വിദേശ കറൻസികളും പിടിച്ചെടുത്തതായും ഇ.ഡി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പരിശോധനയിൽ പിടിച്ചെടുത്ത അമ്പതിലധികം മൊബൈൽ ഫോണുകളിൽനിന്നും മറ്റ് ഇലക്ട്രോണിക് സാമഗ്രികളിൽനിന്നും വീണ്ടെടുത്ത വിവരങ്ങൾ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരുകയാണ്. കേരളത്തിനും വിദേശ രാജ്യങ്ങൾക്കുമിടയിൽ കോടികളുടെ ഇടപാട് നടത്തുന്ന വൻ ഹവാല റാക്കറ്റിനെക്കുറിച്ച് ഇതുവഴി നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ.
ഹവാല ഓപറേറ്റർമാരെയും അനധികൃത വിദേശ കറൻസി ഇടപാടുകാരെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഫോറിൻ മണി എക്സ്ചേഞ്ച്, ഗിഫ്റ്റ് ഷോപ്പുകൾ, ടെക്സ്റ്റൈൽസ്, ജ്വല്ലറികൾ, റെഡിമെയ്ഡ് ഗാർമെന്റ്സ് ഷോപ്പുകൾ എന്നിവയുടെ മറവിൽ കോടികളുടെ ഹവാല ഇടപാട് നടക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.
സുരേഷ് ഫോറെക്സ്, ഏറ്റുമാനൂർ ഫോറെക്സ്, ദുബൈ ഫോറെക്സ്, സംഗീത ഫോറിൻ എക്സ്ചേഞ്ച്, ക്രസന്റ് ട്രേഡിങ്, ഹന ട്രേഡിങ്, ഫോർനസ് ഫോറക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലും പരിശോധന നടന്നു.
15 വിദേശരാജ്യങ്ങളിൽനിന്നുള്ള 1.50 കോടി മൂല്യം വരുന്ന കറൻസികളും 1.40 കോടിയുടെ കള്ളപ്പണവും പിടിച്ചെടുത്തിട്ടുണ്ട്. അമേരിക്ക, കാനഡ, ദുബൈ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഹവാല ഇടപാടുകളുടെയും അനധികൃത വിദേശ കറൻസി വിനിമയത്തിന്റെയും വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചു. കെ.വൈ.സി എടുക്കാതെയും ബില്ലുകൾ നൽകാതെയും നിയമാനുസൃത ബാങ്കിങ് സംവിധാനങ്ങളെ ഒഴിവാക്കിയുമാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് ഹവാല ഓപറേറ്റർമാർ ഇ.ഡിക്ക് മൊഴി നൽകി.
ഇവരുടെ ഫോൺ സംഭാഷണങ്ങളിൽനിന്നും വാട്സ്ആപ് സന്ദേശങ്ങളിൽനിന്നും കോടികളുടെ ഹവാല ഇടപാടുകളുടെ പ്രവർത്തനരീതിയും ഇ.ഡി ശേഖരിച്ചു. ഹവാല ഇടപാടുകളുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.