സപ്ലൈകോയിലേക്ക് നിലവാരം കുറഞ്ഞ തേയില വാങ്ങി ഉയർന്ന തുക കാണിച്ച് കള്ളപ്പണ ഇടപാട്; കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊച്ചി: സപ്ലൈകോയിൽ തേയില വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സപ്ലൈകോയിൽ നിലവാരം കുറഞ്ഞ തേയില വാങ്ങി ഉയർന്ന തുക കാണിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്. അന്വേഷണത്തിനിടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി എട്ട് കോടിയോളം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. സപ്ലൈകോയിലെ തേയില ഡിവിഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ഷെൽജി ജോർജ്, അശോക് ഭണ്ഡാരി എന്നിവരുടെയും ഇടുക്കി ഹെലിെബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയുടെയും സ്വത്തുക്കളായിരുന്നു ഇ.ഡി കണ്ടുകെട്ടിയത്.
ഇ-ലേലത്തിൽ ക്രമക്കേട് നടത്തിയായിരുന്നു തട്ടിപ്പ്. ടീ ബോർഡിന്റെ ലേലത്തിൽ ഡമ്മി കമ്പനികളുടെ ഉയർന്ന നിരക്കിലുള്ള ടെൻഡറുകൾ സമർപ്പിച്ച് ഷെൽജിയും ഹെലിെബറിയ ടീ എസ്റ്റേറ്റ്സ് കമ്പനിയും ഒത്തുകളിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വിപണി വിലയെക്കാൾ കൂടുതൽ നിരക്കിൽ ഇടപാട് നടത്താൻ തീരുമാനമെടുത്തുവെന്നും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് ഇ.ഡി കേസന്വേഷണം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.