യു.വി. ജോസിനെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്ത് ഇ.ഡി
text_fieldsകൊച്ചി: ലൈഫ് മിഷൻ കേസിൽ മുൻ സി.ഇ.ഒ യു.വി. ജോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒപ്പമിരുത്തിയാണ് ചോദ്യം ചെയ്തത്.
ലൈഫ് മിഷൻ കേസിലെ പ്രതി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ ജോസിനെപ്പറ്റി പരാമർശം ഉണ്ടായിരുന്നു. സരിത്തിന്റെ നിർദേശപ്രകാരം താൻ ശിവശങ്കറിനെ പോയി കണ്ടിരുന്നുവെന്നും കൂടിക്കാഴ്ചക്കിടെ ജോസിനെ ശിവശങ്കർ ഓഫിസിലേക്ക് വിളിച്ചുവരുത്തിയെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി.
പദ്ധതിയുമായി ബന്ധപ്പെട്ട് ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കർ കണ്ടിരുന്നുവെന്നും മൊഴിയിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസിനെ ഇ.ഡി വിളിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ മൊഴി മുമ്പും ഇ.ഡി രേഖപ്പെടുത്തിയിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ സഹായ നിയന്ത്രണ നിയമ ലംഘനം സംബന്ധിച്ച പരാതിയിൽ തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.വി. ജോസും നിർമാണ കരാർ കമ്പനി എം.ഡി സന്തോഷ് ഈപ്പനും നൽകിയ ഹരജികൾ നേരത്തേ ഹൈകോടതി തള്ളിയിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി യു.എ.ഇ റെഡ് ക്രസന്‍റിൽനിന്ന് സർക്കാറോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും കരാറുകാരാണ് പണം സ്വീകരിച്ചതെന്നിരിക്കെ സർക്കാർ ഏജൻസിയുടെ സി.ഇ.ഒയെ പ്രതിയാക്കാനാവില്ലെന്നുമടക്കം വാദങ്ങളാണ് ജോസ് ഇ.ഡിക്കു മുന്നിൽ ഉന്നയിച്ചതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.