കരുവന്നൂർ: സി.പി.എം നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയത് സി.പി.എം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങൾ. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം.
ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്. കേസിൽ സി.പി.എം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസിനെ മൂന്നാംവട്ടവും വിളിപ്പിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സി.പി.എം വിശദീകരണം. ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമീഷൻ ചട്ടപ്രകാരവും രാഷ്ട്രീയ പാർട്ടികൾ അവരുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരങ്ങൾ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും നൽകേണ്ടതുണ്ട്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സി.പി.എം പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ അഞ്ച് അക്കൗണ്ടുണ്ട്. എന്നാൽ, ഉന്നത നേതാക്കളടക്കം കൈകാര്യം ചെയ്ത ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിരുന്നില്ല.
കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സി.പി.എം നേതാക്കൾ മറച്ചുവെച്ചുവെന്നാണ് ഇ.ഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനായിരുന്നു ഇതെന്നും ഇതിന്റെ വിവരങ്ങളാണ് കമീഷന് കൈമാറിയതെന്നും ഇ.ഡി വിശദീകരിക്കുന്നു.
ജില്ല സെക്രട്ടറി എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ അടക്കം തൃശൂർ ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളിൽനിന്ന് ഈ വിവരങ്ങൾ തേടേണ്ടതുണ്ടെന്നുമാണ് ഇ.ഡിയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.