എടച്ചേരിയിൽ നിർമാണത്തിനിടെ കിണറിലേക്ക് മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു ; സാരമായ പരിക്കേറ്റ് ഒരാൾ ചികിത്സയിൽ
text_fieldsനാദാപുരം: എടച്ചേരിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കിണറിലേക്ക് മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. കിണറ്റിൽ വീണ മറ്റൊരു തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കായക്കൊടി ഹൈസ്കൂളിന് സമീപത്തെ മയങ്ങിയിൽ കുഞ്ഞമ്മദ് (52) ആണ് മരിച്ചത്. ഇയാളോടൊപ്പം അപകടത്തിൽപെട്ട മരുതോങ്കര ചീനംവയൽ സ്വദേശി പൊക്കനെ (60) മറ്റു തൊഴിലാളികൾ കിണറ്റിലിറങ്ങി രക്ഷിച്ചു. സാരമായ പരിക്കേറ്റ ഇയാളെ വടകര ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ എടച്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം മുതിരക്കാട്ടിൽ മുഹമ്മദിെൻറ വീട്ടിലാണ് ദുരന്തം.
വീട്ടുമുറ്റത്ത് നിർമാണം ഭൂരിഭാഗവും പൂർത്തിയായ കിണറിെൻറ മുകൾഭാഗത്ത് ചെങ്കൽ ഉപയോഗിച്ച് പടവുകൾ നിർമിക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. ഇതിനിടയിൽ കിണറിന് സമീപം കൂമ്പാരമാക്കിയിട്ട മണ്ണ് ശക്തമായ മഴയിൽ കിണറ്റിലേക്ക് ഒലിച്ചിറങ്ങുകയും ഇവരുടെമേൽ പതിക്കുകയുമായിരുന്നു. 23 കോൽ ആഴമുള്ള കിണറ്റിനുള്ളിൽ കല്ലും മറ്റും ഇറക്കിവെക്കാൻ നിർമിച്ച പലകകളോടൊപ്പം പതിച്ച കുഞ്ഞമ്മദ് മണ്ണിൽ പുതഞ്ഞുപോയി. മണ്ണുമാന്തി ഉപയോഗിച്ച് മുകൾഭാഗത്തെ മണ്ണ് മുഴുവൻനീക്കി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് അഞ്ചു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
വടകര ചേലക്കാട്, എന്നിവിടങ്ങളിൽനിന്ന് എത്തിയ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വളൻറിയർമാർ എന്നിവർ രക്ഷാപ്രവർത്തിൽ പങ്കെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആസ്യ മലോൽ (കുമ്മങ്കോട്).മക്കൾ: അർഷാദ്, അസ്മർ, അസ്മിന, നഹ്റ. സഹോദരങ്ങൾ: നൗഷാദ്, നൗഫൽ, സഫിയ, ഖദീജ, സക്കീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.