എടക്കാട്ടെ ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ; ദേശീയപാത സർവീസ് റോഡ് അടച്ചു
text_fieldsഎടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ് റോഡിലേക്ക് മണ്ണും ചെളിയും ഇറങ്ങിയത് ഇത് വഴിയുള്ള യാത്ര കൂടുതൽ ദുരിതമായതോടെ അധികൃതർ സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.
കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന കിഴക്ക് ഭാഗം സർവീസ് റോഡിലാണ് കുന്നിടിച്ചിൽ കാരണം ഗതാഗത നിയന്ത്രണം ഏർപെടുത്തിയത്. പുതിയ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനത്തിന് സർവീസ് റോഡിനു വേണ്ടി കുന്നിന്‍റെ ഏതാനും ഭാഗങ്ങൾ ഇടിച്ചു നിരത്തിയിരുന്നു. ബലക്ഷയം നേരിടുന്ന കുന്നിന് ഇത് കൂടുതൽ ആഘാതം സൃഷ്ടിച്ചതോടെ കുന്നിടിച്ചലിനും വേഗത കൂടി.
ഇതിനെ പ്രതിരോധിക്കാൻ നൂറു മീറ്ററിലധികം നീളത്തിൽ ആഴത്തിൽ കുഴിയെടുത്ത് ഇവിടെ സുരക്ഷാ ഭിത്തി കെട്ടിയെങ്കിലും അതൊക്കെ തകിടം മറിച്ചാണ് കുന്നിടിഞ്ഞ് റോഡിലേക്ക് ചെളിയും മണ്ണും കുത്തിയൊലിക്കുന്നത്. മഴക്ക് മുന്നേ ഭിത്തിയുടെ കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കാതെ പകുതിക്ക് വെച്ച് നിർത്തിയതും വെല്ലുവിളിയായി.
കുന്നിൽ നിന്നും മണ്ണിറങ്ങി ഭിത്തിക്കും ബാക്കി വന്ന കമ്പിക്ക് മുകളിലും മണ്ണും ചെളിയും അടിഞ്ഞുകൂടി റോഡിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇത് തുടർ നിർമ്മാണത്തെയും സാരമായി ബാധിച്ചതായി കമ്പനി അധികൃതർ പറയുന്നു. ഭിത്തി കെട്ടാതെ ഒഴിച്ചിട്ടഭാഗത്തു കൂടി മണ്ണിറങ്ങുന്നത് തടയാൻ കമ്പനി അധികൃതർ താൽക്കാലികമായി നിർമ്മിച്ച സുരക്ഷാ ഭിത്തികൾ കൊണ്ടു വെച്ചെങ്കിലും മണ്ണൊലിപ്പ് തടയുന്നതിന് പ്രയോജനപ്പെട്ടിട്ടില്ല.
മഴ ഇനിയും തുടരുകയാണെങ്കിൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും ദുരിതമാവുന്നതോടൊപ്പം, കുന്നിന് സമീപം വരുന്ന എടക്കാട് ബസാർ ഉൾപ്പെടെ 300 മീറ്റർ ചുറ്റളവിൽ ഇതിന്‍റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള ഭൂതത്താൻ കുന്നിന്‍റെ തകർച്ചാഭീഷണിയെ റോഡ് നിർമ്മാണം ഏറ്റെടുത്ത കമ്പനിയും പ്രാദേശിക ഭരണകൂടവും ഗൗരവമായി എടുക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ നിർമ്മാണം ഏറ്റെടുത്ത കമ്പനികളും പ്രാദേശിക ഭരണകൂടവും കൺമുന്നിലെ അപകടം കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇവിടെ പകുതി പൊളിച്ചുമാറ്റിയ കെട്ടിടത്തിന്‍റെ ഏതാനും ഭാഗങ്ങൾ ഇപ്പോഴും ഏത് നിമിഷവും തകർന്ന് റോഡിലേക്ക് വീഴാവുന്ന വിധത്തിലാണുള്ളതെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.