ഇടമലക്കുടി: ഫലപ്രദമായി ഒന്നും ചെയ്യാനായില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഇടമലക്കുടിയിലെ ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ ഫലപ്രദമായ ഒന്നും ചെയ്യാനായില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയിൽ. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ അഭിഭാഷകന് ശിപാര്‍ശ ചെയ്തപോലെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കാൻ ഇടക്കാല ഉത്തരവിട്ടു.
പെട്ടിമുടിയില്‍നിന്ന് മുതുവന്‍ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ താമസിക്കുന്ന ഇടലിപ്പാറ വരെയുള്ള റോഡ് നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും. തൊടുപുഴ സ്വദേശിയായ സാമൂഹികപ്രവര്ത്തകനുവേണ്ടി ഹ്യൂമന്‍ റൈറ്റ് ലോ നെറ്റ്വര്‍ക്കാണ് കേസ് നടത്തുന്നത്.
റോഡ് നിര്‍മാണത്തിെൻറ നിരക്ക് പുനഃപരിശോധിക്കുന്നതിന് മൂന്നാര്‍ ഡി.എഫ്.ഒ സംസ്ഥാന പട്ടിക ജാതി-വര്‍ഗ വകുപ്പിന് 2016ല്‍ കത്ത് എഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. വകുപ്പുകള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ ഒന്നുംചെയ്തിട്ടില്ല. പരിതാപകരമായ സാഹചര്യം മറികടക്കാന്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുതുവാന്‍ ആദിവാസികള്‍ താമസിക്കുന്ന ഇടമലക്കുടിയില്‍ സ്കൂളോ ആശുപത്രികളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരന് മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു.
പെട്ടിമുടിയില്‍നിന്ന് ഇടലിപ്പാറ വരെ 7.2 കി.മീ. റോഡ് നിര്‍മിക്കണം, ചികിത്സ സൗകര്യം ഒരുക്കണം, പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കണം, ഗതാഗതസൗകര്യം ഉറപ്പാക്കണം, കോളനിവാസികള്‍ക്ക് ശുചിത്വം, ആരോഗ്യം വിഷയങ്ങളില്‍ ബോധവത്കരണക്ലാസ് നടത്തണം, ആംബുലന്‍സ് വാങ്ങണം എന്നീ നിർദേശങ്ങൾ കമീഷൻ പുറപ്പെടുവിച്ചു. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.