എടപ്പാൾ കൊലപാതകം: പഞ്ചലോഹ വിഗ്രഹകഥ വിശ്വസനീയമല്ലെന്ന് ബന്ധുക്കൾ
text_fieldsഎടപ്പാൾ: കൊലപാതകക്കേസിൽ പ്രതികളുടെ മൊഴി വിശ്വസനീയമല്ലെന്ന് ഇർഷാദിെൻറ ബന്ധുക്കൾ. പഞ്ചലോഹവിഗ്രഹം നൽകാമെന്നുപറഞ്ഞ് ഇർഷാദിെൻറ കൈയിൽനിന്ന് പണം കൈപ്പറ്റിയശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ, സംഭവദിവസം ജോലി ആവശ്യാർഥം ഒന്നാംപ്രതി സുഭാഷിനൊപ്പം കോഴിക്കോട്ടേക്ക് പോകുകയാണെന്നാണ് ഇർഷാദ് വീട്ടുകാരോട് പറഞ്ഞത്.
രാത്രി ഒമ്പതിന് ലാപ്ടോപ്പും വസ്ത്രങ്ങളും മൂന്നു ലക്ഷം രൂപയുമടങ്ങിയ ബാഗുമായി കാറിൽ കയറി പോകുന്നതാണ് അവസാനമായി വീട്ടുകാർ കണ്ടത്. നല്ല മഴയുള്ള സമയമായതിനാൽ കാറിൽ വന്നത് ആരെന്ന് കാണാൻ സാധിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. സുഭാഷിന് നിരവധി പേരുമായി ബന്ധങ്ങളുണ്ടെന്നും ഇദ്ദേഹം തനിക്ക് വയനാട്ടിൽ ജോലി ശരിയാക്കുന്നതായും ഇർഷാദ് വീട്ടുകാരോട് പറഞ്ഞിരുന്നു.
വീട്ടിൽനിന്ന് പോയ ഉടൻ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് സഹോദരി വാട്സ്ആപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ, കൊലപാതകശേഷമാണ് ഇതിന് മറുപടി ലഭിച്ചത്. രണ്ടു സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബത്തിെൻറ ഏക അത്താണിയാണ് ഇർഷാദ്. വർഷങ്ങൾക്കുമുമ്പ് കുടുംബം നടുവട്ടത്തെ സ്വന്തം വീട്ടിലായിരുന്നു താമസം.
പിന്നീട് ഇത് വിറ്റശേഷം പന്താവൂരിലുള്ള വാടകവീട്ടിലേക്ക് മാറുകയായിരുന്നു. 15 വർഷത്തോളം ഇർഷാദിെൻറ പിതാവ് എടപ്പാൾ ടൗണിൽ മൊബൈൽ ഷോപ് നടത്തിയിരുന്നു. ലോക്ഡൗൺ സമയത്താണ് കട മറ്റൊരാൾക്ക് വിറ്റത്. ഇർഷാദ് പ്ലസ് ടു മുതൽ ഇലക്ട്രോണിക്സ് സാധനസാമഗ്രികൾ വിൽപന രംഗത്ത് സജീവമാണ്. എടപ്പാളിലെ മൊബൈൽ ഷോപ്പിൽ വെച്ചാണ് സുഭാഷിനെ പരിചയപ്പെടുന്നത്.
അഞ്ചു വർഷമായി ഇർഷാദിന് സുഭാഷിനെ പരിചയമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും എട്ടു മാസമായിട്ടേ വീട്ടുകാർ സുഭാഷിനെ കാണാൻ തുടങ്ങിയിട്ടുള്ളൂ. ഇലക്ട്രോണിക്സ് സാധന വിൽപനയുമായി ബന്ധപ്പെട്ട് മുമ്പും ഇർഷാദ് പലരുമായി പണമിടപാട് നടത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിറ്റേന്നും പണം ലഭിക്കാനുള്ളവർ ഇർഷാദിനെത്തേടി വീട്ടിലെത്തിയിരുന്നു.
ഇവരെ സുഭാഷ് വിളിച്ച് ഇർഷാദ് നാട് വിട്ടെന്നതരത്തിൽ പ്രചാരണം നടത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം ആദ്യംതന്നെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നും ഇവർ പറയുന്നു. പ്രതികളുടെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ലെന്ന് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവും പറഞ്ഞു. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും.
മൃതദേഹം വിശദ പരിശോധന നടത്തും
എടപ്പാൾ: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൃതദേഹം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ആറ് മാസം പഴക്കമുള്ള മൃതദേഹത്തിൽ കോശങ്ങളുണ്ടെങ്കിൽ ഡി.എൻ.എ പരിശോധന നടത്തും. അല്ലെങ്കിൽ തലയോട്ടി പരിശോധിച്ച് ആരുടെതാണ് മൃതദേഹമെന്ന് കണ്ടെത്തും.
തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതോടെ തൃശൂരിലെത്തും. ഉച്ചക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.