എടപ്പാളിന് കാവലായി ചന്ദ്രനുണ്ട്
text_fieldsഎടപ്പാൾ: എടപ്പാളിൽ മേൽപാലം നിർമിച്ചിട്ട് ജനുവരി ഏട്ടിന് രണ്ടുവർഷം തികയും. പാലം വരുന്നതിന് മുമ്പ് എടപ്പാൾ ടൗണിലൂടെ കടന്നുപോകുക പ്രയാസകരമായിരുന്നു. ഗതാഗതക്കുരുക്കിൽപെട്ട് വലയുന്ന അവസ്ഥ എടപ്പാളുകാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല.
നീണ്ട കാലം ആ കുരുക്ക് അഴിച്ചിരുന്നത് ട്രാഫിക് ഗാർഡ് ചന്ദ്രനായിരുന്നു. പാലം വന്നിട്ടും ചന്ദ്രൻ ടൗണിൽ തന്നെയുണ്ട്. നീണ്ട 15 വർഷമായി എടപ്പാളിന് കാവലാണ് ചന്ദ്രൻ. ആദ്യം കോഴിക്കോട് റോഡിലെ ചെറിയ മുറിയിലായിരുന്ന ട്രാഫിക് എയ്ഡ് പോസ്റ്റ് ഇപ്പോൾ പാലത്തിന് താഴെയായി.
വർഷങ്ങളോളം സൈനികനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ചന്ദ്രൻ ട്രാഫിക് ഗാർഡായത്. എടപ്പാൾ ടൗണിൽ എന്ത് നഷ്ടപ്പെട്ടാലും ആദ്യം ചന്ദ്രന്റെ അടുത്താണ് എത്തുക. സൗമ്യനായ ചന്ദ്രന് ടൗണിൽ എല്ലാവരുമായും ഊഷ്മള ബന്ധമാണ്. ടൗണിൽ നടക്കുന്ന മിക്ക തർക്കവിഷയങ്ങളിലും പരിഹാര നിർദേശങ്ങളുമായി ഇദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടാകാറുണ്ട്.
സൈനികനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തതിനാൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ട്. അതിനാൽ കോവിഡ് കാലത്ത് വിവിധ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിന് ചന്ദ്രൻ മുന്നിലുണ്ടായിരുന്നു. ഭാര്യയുടെ ആകസ്മിക മരണത്തെ തുടർന്ന് ജോലിയിൽനിന്ന് വിട്ടുനിന്ന ചന്ദ്രൻ നാട്ടുകാരുടെ സമ്മർദം കാരണം തിരിച്ചെത്തുകയായിരുന്നു. ചങ്ങരംകുളം ഒതളൂർ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.