ആലുവയിലെ 11 ഏക്കർ പാട്ടഭൂമിയിലെ കെട്ടിടം പെർമിറ്റില്ലാതെയാണ് നിർമിച്ചതെന്ന് എടത്തല പഞ്ചായത്ത്
text_fieldsകൊച്ചി: പി. വി അൻവർ ആലുവയിലെ 11 ഏക്കർ പാട്ടഭൂമിയിലെ കെട്ടിടം പെർമിറ്റില്ലാതെയാണ് നിർമിച്ചതെന്ന് എടത്തല പഞ്ചായത്ത്. വിജിലൻസിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം എടത്തല പഞ്ചായത്ത് വ്യക്തമാക്കിയത്. നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിൽ കെട്ടിട, ഭൂമി വിവരങ്ങൾ തേടിയുള്ള വിജിലൻസ് ചോദ്യത്തിനാണ് പഞ്ചായത്തിന്‍റെ മറുപടി.
എന്നാൽ ഹൈക്കോടതി പോലും തള്ളിയ കേസിലൂടെ തന്നെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി.വി. അൻവർ പറഞ്ഞു. അൻവറിനെതിരായ അന്വേഷണം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ആലുവയിലെ ഭൂമിയുടേയും കെട്ടിടങ്ങളുടേയും വിവരങ്ങൾ വിജിലൻസ് തേടിയത്. പിവീസ് റിയൽറ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിർമാണ അനുമതിയില്ലെന്നുമാണ് പഞ്ചായത്ത് മറുപടിയിൽ പറയുന്നത്.
കെട്ടിടം പണിയാൻ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്‍റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുളള കെട്ടിട നിർമാണത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ സ്റ്റോപ് മെമ്മോ നൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാർച്ച് 19ന് സ്റ്റോപ് മെമ്മോ നൽകിയെന്നും പഞ്ചായത്ത് വ്യക്തമാക്കി.
ആലുവ എടത്തലയിൽ 99 വർഷത്തെ പാട്ടത്തിന് നൽകിയ പതിനൊന്ന് ഏക്കർ ഭൂമി പി.വി. അൻവർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. അവിടെ പി.വി.ആർ നോളജ് സിറ്റിയെന്ന പേരിൽ വൻ കെട്ടിട സമുച്ചയവും പണിതുയർത്തി. പാട്ടഭൂമി സ്വന്തം പേരിലാക്കി പോക്കുവരവ് നടത്തിയ അൻവർ ഈ സ്ഥലം ഈടുവെച്ച് 14 കോടി രൂപ വായ്പയെടുത്തുവെന്നാണ് ആക്ഷേപം.
ഇക്കാര്യത്തിൽ കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രൻ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിഴിവിട്ട ഇടപാടുകൾ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ 24നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.
ഇതിൻറെ അടിസ്ഥാവത്തിൽ വിജിലൻസ് ഡയറക്ടർ തിരുവനന്തപുരം വിജിലൻസ് യൂനിറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിൽ കഴിഞ്ഞ ദിവസം എത്തിയ ഫയൽ അടുത്ത ദിവസം അന്വേഷണത്തിനായി ഡി.വൈ.എസ്.പിക്ക് കൈമാറി. അൻവറിനു പുറമെ പാട്ടഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെക്കൂടി കേന്ദ്രീകരിച്ചാണ് വിജിലൻസ് അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.