എല്ലാത്തിനും മുകളിൽ മാനവികത; കൃഷ്ണവേണിക്ക് ചിതയൊരുങ്ങിയത് എടത്വാ പള്ളിയിൽ
text_fieldsകുട്ടനാട്: ഹിന്ദുമത വിശ്വാസിനിയുടെ മൃതദേഹം എടത്വാ പള്ളിയില്‍ സംസ്കരിച്ചു. കോയില്‍മുക്ക് പുത്തന്‍പുരയില്‍ പരേതനായ ശ്രീനിവാസന്‍റെ ഭാര്യ കൃഷ്ണവേണിയുടെ (85) മൃതദേഹമാണ് എടത്വാ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയില്‍ ദഹിപ്പിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൃഷ്ണവേണി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വാ പള്ളിയെ സമീപിച്ചു. കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ചശേഷം കൃഷ്ണവേണിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ പള്ളിയില്‍ നടത്താന്‍ സ്ഥലം വിട്ടു നല്‍കുകയായിരുന്നു.
ഒരു മാസം മുന്‍പാണ് കൃഷ്ണവേണിയുടെ ഭർത്താവ് ശ്രീനിവാസന്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഭര്‍ത്താവിന് ചിതയൊരുങ്ങിയ പള്ളി സെമിത്തേരിയില്‍ സഹധര്‍മ്മിണിക്കും ചിതയൊരുങ്ങിയതോടെ മതസൗഹാര്‍ദ്ദത്തിനൊപ്പം പരസ്പര സ്‌നേഹത്തിനും പള്ളി അങ്കണം വേദിയായി. സംസ്‌കാര ചടങ്ങിന് സ്ഥലം വിട്ടുനല്‍കിയ പള്ളി അധികൃതര്‍ക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.
സംസ്‌കാര ചടങ്ങില്‍ വികാരി ഫാ. മാത്യു ചൂരവടി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, കൈക്കാരന്‍ കെ.എം മാത്യു തകഴിയില്‍, പാരീഷ് കമ്മറ്റി അംഗങ്ങളായ ബില്‍ബി മാത്യു കണ്ടത്തില്‍, അലക്‌സ് മഞ്ഞുമ്മല്‍, ആന്‍റപ്പന്‍, സാജു കൊച്ചുപുരയ്ക്കല്‍, നിയമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.