എടവണ്ണയിലെ റിദാന്‍ കൊലക്കേസ്; നാടിനെ നടുക്കിയ വെടിവെപ്പ്
text_fieldsമലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചര്‍ച്ചയായി എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലക്കേസും. റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്തിന്റെ ഭാഗമായാണെന്നും എന്നാല്‍ കേസില്‍ പൊലീസ് മറ്റൊരു കഥ കെട്ടിച്ചമച്ചതാണെന്നുമുള്ള വെളിപ്പെടുത്തലാണ് എം.എൽ.എ വഴി പുറത്തുവന്നത്. 2023 ഏപ്രില്‍ 22ന് പെരുന്നാള്‍ ദിവസമാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന്‍ ബാസിലിനെ വീടിനു സമീപത്തെ പുലിക്കുന്ന് മലയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നു വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തില്‍ തറച്ചിരുന്നത്.
കേസിൽ റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര മുഹമ്മദ് ഷാനിനെ (30) മൂന്നാം നാൾ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കേസിലെ കൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായി. കേസ് രജിസ്റ്റര്‍ ചെയ്ത് 88ാം ദിവസം 4598 പേജുകളുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. മുഹമ്മദ് ഷാന്‍ അടക്കം ആകെ എട്ടു പ്രതികളും 169 സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. പിന്നീട് പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി.
പൊലീസ് കണ്ടെത്തൽ
സാമ്പത്തിക ഇടപാടിന്റെയും വ്യക്തിവിരോധത്തിന്റെയും പേരിൽ സുഹൃത്ത് ഷാൻ, റിദാനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. 2023 ഏപ്രില്‍ 21ന് രാത്രി ഒമ്പതോടെ പ്രതി റിദാനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടറില്‍ കയറ്റി കുന്നിന്മുകളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചുകൊന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഏഴു റൗണ്ട് വെടിവെച്ചെങ്കിലും മൂന്നെണ്ണമാണ് ശരീരത്തില്‍ തറച്ചത്. തോക്ക് പ്രതിയുടെ വീടിനു പിന്നിലെ വിറകുപുരയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയെന്നായിരുന്നു പൊലീസ് നൽകിയ വിവരം. കോളിളക്കം സൃഷ്ടിച്ച നിലമ്പൂരിലെ ഷാബാ ഷെരീഫ് വധക്കേസ് അന്വേഷിച്ച സംഘമാണ് ഈ കേസും അന്വേഷിച്ചത്. ഫോറന്‍സിക്, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് അന്നത്തെ ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് നേരിട്ട് നേതൃത്വം വഹിച്ചു. പൊലീസ് കള്ളക്കഥ മെനഞ്ഞ് കേസ് വഴിതിരിച്ചുവിട്ടെന്നാണ് പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചർച്ചയുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.