ലൈംഗികാതിക്രമ കേസിൽ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
text_fieldsകൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫീസിൽ 11 മണിയോടെ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പം ഡിവൈ.എസ്.പിയുടെ ഓഫീസ് ആണ് നോട്ടീസ് നൽകിയത്.
അതേസമയം, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാൽ, ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇടവേള ബാബുവിന് ജാമ്യം ലഭിക്കും.
താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇടവേള ബാബുവിനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ എത്തിച്ചാണ് മൊഴിയെടുത്തത്.
മലയാളത്തിലെ നാല് നടന്മാരിൽ നിന്ന് ദുരനുഭവമുണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തിയത്. നടനും എം.എൽ.എയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി പറഞ്ഞത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായും നടി ആരോപിച്ചു.
2013ലാണ് സിനിമ താരങ്ങളിൽ നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. ഒരു സിനിമ പ്രൊജക്ടിന്‍റെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാവുന്നതിലപ്പുറമായതോടെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അന്ന് അനുഭവിക്കേണ്ടിവന്ന ആഘാതങ്ങൾക്കും പ്രയാസങ്ങൾക്കും നീതി ലഭിക്കണമെന്നും നടി ചൂണ്ടിക്കാട്ടി.
ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. 2013ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത്. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു.
'അമ്മ' സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം അക്കാലത്ത് തന്നെ താൻ ഉന്നയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. പുതിയ കുട്ടികൾക്കെങ്കിലും ദുരനുഭവം ഉണ്ടാകരുതെന്നും നടി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.