എടയാർ തീപിടിത്തം; 1.65 കോടിയുടെ നഷ്ടം
text_fieldsആലുവ: എടയാറിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് നടത്തിയ പരിശോധനയിൽ 1.65 കോടി രൂപയുടെ നഷ്ടം കണക്കാക്കി. ശനിയാഴ്ച രാത്രിയാണ് എടയാർ വ്യവസായ മേഖലയിലെ കമ്പനികളിൽ തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഗ്നിരക്ഷാസേനയും ബിനാനിപുരം പൊലീസും അപകടകാരണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഓറിയോൺ കമ്പനിയിലാണ്. ഇവിടെ അസംസ്കൃത പദാർഥങ്ങളും ഉൽപന്നങ്ങളും പാക്കിങ് സാമഗ്രികളുമുൾെപ്പടെ ഒരുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഈ കമ്പനി പൂർണമായും അഗ്നിക്കിരയായി. കളമശ്ശേരി സ്വദേശി അജിത്കുമാറിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മാമല സ്വദേശി കിഷോർ അശോകെൻറ ഉടമസ്ഥതയിലുള്ള ശ്രീകോവിൽ റബേഴ്സും കത്തിനശിച്ചു. റബർ ഉൽപന്നങ്ങൾ നിർമിക്കുന്ന ഈ കമ്പനിയിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്. ഇതിനടുത്തുതന്നെയുള്ള ജനറൽ കെമിക്കൽസിൽ 50 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.
ശനിയാഴ്ച രാത്രി 12ഓടെയാണ് എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളിൽ തീപിടിത്തമുണ്ടായത്. തിന്നർ, ടർെപൻറയിൻ തുടങ്ങിയ ഓറിയോൺ കെമിക്കലുകളിൽനിന്ന് തീ സമീപത്തെ കമ്പനികളിലേക്ക് പടരുകയായിരുന്നു. ഏലൂരിൽനിന്ന് അഗ്നിരക്ഷാസംഘമെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നീട് അഗ്നിരക്ഷാസേനയുടെ എറണാകുളം കേന്ദ്രത്തിൽനിന്ന് 18 യൂനിറ്റ് സ്ഥലത്തെത്തി.
വെള്ളം പമ്പ് ചെയ്തിട്ടും തീയണയാതെയായപ്പോൾ കൊച്ചിൻ റിഫൈനറിയിൽനിന്ന് വന്ന അഗ്നിരക്ഷാസേന ഫോം ഉപയോഗിച്ച് മൂന്നര മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ തീയണക്കുകയായിരുന്നു.
ഓറിയോൺ കമ്പനിയിൽ അസംസ്കൃത പദാർഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭസംഭരണിക്ക് കേടുപാട് സംഭവിച്ചിട്ടില്ല. 5000 ലിറ്ററോളം മിനറൽ ടർപെൻറയിൻ ഓയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതിനുകൂടി തീപിടിച്ചിരുന്നെങ്കിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമായിരുന്നു. സമീപത്തുതന്നെയുള്ള ഓയിൽ കമ്പനിയായ സി.ജി ലൂബ്രിക്കൻറ്സിലേക്കും തീപടർന്നിരുന്നു. എന്നാൽ, ഉടനെ തീയണച്ചതിനാൽ കാര്യമായ നഷ്ടമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.