പഠനം, കരിയർ... കൺഫ്യൂഷൻ തീർക്കാം: വരൂ, നാളെ മാധ്യമം എജുകഫെയിലേക്ക്
text_fieldsകോഴിക്കോട്: മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൺഫ്യൂഷൻ തീർക്കാൻ ഏറ്റവും മികച്ച അവസരമൊരുക്കി മാധ്യമം എജുകഫെ തിങ്കളാഴ്ച സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ തുടങ്ങും. 10.30ന് ആരംഭിക്കുന്ന പരിപാടി ചൊവ്വാഴ്ച വൈകീട്ട് 5.30ന് സമാപിക്കും.
വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന സാധ്യതകളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. മികച്ച കരിയർ കണ്ടെത്താനും വിജയം നേടാനും കൃത്യമായ മാർഗനിർദേശം ലഭിക്കുന്ന എജുകഫെയിൽ വിദ്യാർഥികളുടെ വ്യക്തിത്വ-കരിയർ-നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള സെഷനുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ കരിയർ ഗൈഡുമാരും മോട്ടിവേഷൻ സ്പീക്കർമാരും സൈക്കോളജിസ്റ്റുകളും ഉന്നത വിദ്യാഭ്യാസ വിചക്ഷണരും ക്ലാസുകൾ നയിക്കും.
പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്ല പർവീൺ, മൈൻഡ് ഹാക്കർ സി.എം. മഹ്റൂഫ്, കരിയർ-മോട്ടിവേഷനൽ സ്പീക്കർമാരായ യാസിർ ഖുതുബ്, ഫുഡ് വ്ലോഗർ ബാസിം പ്ലേറ്റ്, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ബോബി ചെമ്മണൂർ (ബോച്ചെ), കരിയർ ഗൈഡ് സുലൈമാൻ മേൽപത്തൂർ, രാജ് കലേഷ് തുടങ്ങിയവരാണ് സെഷനുകൾ നയിക്കുക. 10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ നടക്കുക. കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും എജുകഫെയിലുണ്ടാകും.
മെഡിക്കൽ, എൻജിനീയറിങ്ങിൽ തുടങ്ങി പുത്തൻ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫെയിൽ ലഭ്യമാകും. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ പങ്കെടുക്കും. അന്തർദേശീയ എജുക്കേഷനൽ കൺസൽട്ടന്റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകളും ഉണ്ടാകും.
വിദേശ പഠനവുമായി ബന്ധപ്പെട്ട് വിശാലമായ സാധ്യതകൂടിയാണ് എജുകഫെ തുറന്നിടുക. കോമേഴ്സ്, മാനേജ്മെന്റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും സംശയം ദൂരീകരിക്കാം. വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി നിരവധി സെഗ്മെന്റുകളും ഒരുക്കിയിട്ടുണ്ട്. മോക്ക് ടെസ്റ്റുകളും വിശദമായ അവലോകനങ്ങളും എജുകഫെയിൽ ഉണ്ടാകും.
ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.
പഠനത്തിൽ പിന്നോട്ടാണെങ്കിലും പരിഹാരമുണ്ട്
ഓർമക്കുറവ്, മാനസിക സമ്മർദം, ഭയം തുടങ്ങിയവ കാരണം പഠനത്തിൽ പിറകോട്ടുപോവുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും എജുകഫെയിൽ അവസരമുണ്ടാവും. സൗജന്യ കൗൺസലിങ് സേവനമാണ് ഒരുക്കിയിരിക്കുന്നത്.
പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫെക്കു ശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.പി. നവ്യ, കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് അനൈന വിനോദ് തുടങ്ങിയവരാണ് സെഷൻ നയിക്കുക.
സരോവരം ട്രേഡ് സെന്ററിലേക്ക് വാഹന സൗകര്യം
ഏപ്രിൽ 22, 23 തീയതികളില് കോഴിക്കോട് സരോവരം ബയോ പാർക്കിന് സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന കേരളത്തിലെയും ഗൾഫ് നാടുകളിലെയും ഏറ്റവും വലിയ എജുക്കേഷൻ ഫെയർ ‘മാധ്യമം’ എജുകഫെയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കും. വാഹന സൗകര്യം ആവശ്യമുള്ളവർ കോഴിക്കോട് മാവൂർ റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം സിറ്റി ഒപ്റ്റിക്കൽസിന് സമീപം എത്തണം. രാവിലെ ഒമ്പതു മുതൽ സർവിസ് ആരംഭിക്കും. ഫോൺ: 9446734681.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.