അറിവിന്റെ മഹോത്സവത്തിന് കൊടിയിറക്കം
text_fieldsകണ്ണൂർ: പുത്തൻ പ്രതീക്ഷകളും അറിവിന്റെ ലോകത്തെ സകല സാധ്യതകളും ചർച്ചചെയ്തും പുതുതലമുറക്ക് പകർന്നുനൽകിയും കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫെക്ക് കണ്ണൂരിൽ സമാപനം. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം ഒരുക്കിയ വിശാലമായ വേദിയിലും വിവിധ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും സ്റ്റാളുകളിലും ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും രണ്ടുദിവസവും ഒഴുകിയെത്തി. ഉപരിപഠനത്തിനെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിച്ചും അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസം സ്വായത്തമാക്കിയുമാണ് വിദ്യാർഥികൾ എജുകഫെയിൽനിന്ന് മടങ്ങിയത്.
ഇന്ത്യക്കകത്തും വിദേശത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും കൃത്യമായ അറിവുപകരുന്നതായിരുന്നു സെഷനുകൾ. പഠനത്തിലും ജീവിതത്തിലും ഉയർച്ച നേടാനുള്ള ആത്മവിശ്വാസവും ആർജവവും സ്വന്തമാക്കിയാണ് എല്ലാവരും തിരിച്ചുപോകുന്നതെന്ന് രക്ഷിതാക്കൾ ഒന്നടങ്കം പറഞ്ഞു. കുട്ടികളുടെ മാനസിക വളർച്ചക്കും പ്രതിസന്ധികളോട് പൊരുതാനും സഹായകമാകുന്ന ക്ലാസുകളാണ് രണ്ടാം ദിനമായ ശനിയാഴ്ച നടന്നത്. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥികളുടെ ടോപ്പേഴ്സ് ടോക്കും കുട്ടികളിൽ ആത്മവിശ്വാസം പടർത്തി.
സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ്, അക്കൗണ്ടിങ്, സി.എ, സി.എം.എ, അനിമേഷൻ, ബിസിനസ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങിയ മേഖലകളെക്കുറിച്ച് അറിയാനായി സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ശനിയാഴ്ച രാവിലെ, നിങ്ങൾ ഉറങ്ങുമ്പോൾ പഠിക്കുക എന്ന വിഷയത്തിൽ സി.എം. മഹറൂഫ്, റോബോട്ടിനെ നിർമിക്കുന്നിതിനെക്കുറിച്ച് ജിതിൻ അനു ജോസ്, വിദ്യാർഥികൾക്കുള്ള വരുമാന നുറുങ്ങുകളെപ്പറ്റി യാസർ ഖുത്തുബ്, എന്തുകൊണ്ടാണ് പി.എം.എ സാഫി എച്ച്.ആർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മാനേജ്മെൻറ് വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോ. ഹംസ പറമ്പിൽ, ആൻസൈറ്റി ടു ആക്ഷൻ; ക്രാഫ്റ്റിങ് ദി കാരക്റ്റർ എന്ന വിഷയത്തിൽ ഡോ. റാഷിദ് ഗസ്സാലി എന്നിവർ ക്ലാസെടുത്തു. വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, സ്ട്രസ്, ഭയം തുടങ്ങിയവക്ക് പരിഹാരവുമായി പ്രമുഖ സൈക്കോളജിസ്റ്റുകളായ അമീന സിത്താര, കെ.പി. നവ്യ, അനൈന വിനോദ് എന്നിവർ നയിച്ച സൈക്കോളജിക്കൽ ചാറ്റ് ഷോ വ്യത്യസ്തമായി. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്തു.
10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ സംഘടിപ്പിച്ചത്. ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ സമ്മാനിച്ചാണ് എജുകഫെക്ക് കണ്ണൂരിൽ തിരശ്ശീല വീണത്. ഏപ്രിൽ 22, 23 തീയതികളിൽ കോഴിക്കോടും മേയ് ഏഴ്, എട്ട് തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും. സ്റ്റാൾ, സ്പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.