മലബാറിനോടുള്ള വിദ്യാഭ്യാസ അനീതി: മുസ്ലിംലീഗ് പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ അനീതിക്കെതിരെ ജൂൺ എട്ടിന് ജില്ല കലക്ടറേറ്റുകൾക്കുമുന്നിൽ ബഹുജന പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് അടക്കം ഉന്നതവിജയം നേടിയ കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വലിയ വർധനയാണ് ഇക്കൊല്ലമുണ്ടായത്. ശാസ്ത്രീയമായ എല്ലാ പഠനങ്ങളും കാറ്റിൽപറത്തി ക്ലാസ് റൂമിന്റെ എല്ലാ പരിധിയും ലംഘിച്ച് എഴുപതോളം കുട്ടികൾ ഇരുന്ന് പഠിക്കേണ്ടിവരുന്ന അവസ്ഥയാണ് സർക്കാർ നിലപാട് മൂലം സംജാതമായത്. അതേസമയം, സംസ്ഥാനത്ത് മതിയായ കുട്ടികളില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഏറെയുണ്ട്.
ഈ അസന്തുലിതാവസ്ഥ പരിഹരിച്ച് മലബാറിലെ വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ ഡിവിഷനുകളും സൗകര്യവും വർധിപ്പിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച ജന. സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീരദേശ ഹൈവേയുടെ ഡി.പി.ആർ പുറത്തുവിടാതെയും പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ന്യായമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിൽ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫിസ് നിർമാണത്തിന് ഫണ്ട് സമാഹരിക്കാൻ ഷെഡ്യൂൾ നിശ്ചയിച്ചു. പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.