വിദ്യാഭ്യാസ വായ്പ: മൊറട്ടോറിയത്തിന് പാക്കേജ്
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് മൊറട്ടോറിയം നല്‍കുന്നതുള്‍പ്പെടെ സമഗ്ര പാക്കേജിന് രൂപം നല്‍കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. വായ്പയെടുത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കും പഠനം കഴിഞ്ഞ് ജോലി ലഭിക്കാത്തവര്‍ക്കുമായി തിരിച്ചടവില്‍ മൊറട്ടോറിയം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ജെയിംസ് മാത്യുവിന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
വായ്പാതുകയുടെ അത്രയും പലിശ അടച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ചുതീര്‍ക്കാനും നിര്‍ദേശമുണ്ട്. ജോലി ലഭിച്ചാലും ശമ്പളത്തിന്‍െറ നാലിലൊന്നുമാത്രമേ തിരിച്ചടവിന് നിശ്ചയിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും. സമഗ്രപാക്കേജ് തയാറാക്കി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തി നടപ്പാക്കും.
വായ്പ നിഷേധിക്കുന്നവര്‍ പരാതി നല്‍കിയാല്‍ അത് പരിശോധിച്ച് യോഗ്യതയുള്ളതാണെങ്കില്‍ അനുവദിക്കാമെന്ന് ബാങ്കേഴ്സ് സമിതി ഉറപ്പുനല്‍കിയിട്ടുണ്ട്.
വിധവകള്‍, അവിവാഹിതരായ അമ്മമാര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ തുടങ്ങി ദുര്‍ബലരായ സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് എന്‍.എ. നെല്ലിക്കുന്നിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. നിലവില്‍ വിവിധ വകുപ്പുകള്‍ വഴി ഇവര്‍ക്ക് വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കും. സ്ത്രീശാക്തീകരണ പദ്ധതികളും ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.