സ്കൂളുകൾ അടച്ചുപൂട്ടൽ: എല്ലാവശങ്ങളും പരിശോധിച്ച് മാത്രം തീരുമാനം -മന്ത്രി
text_fieldsതിരുവനന്തപുരം: അനംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്ന കാര്യത്തിൽ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാറിന് തുറന്ന മനസ്സാണ്. സ്കൂൾ മാനേജ്മെൻറുകളുടെ വിശദീകരണവും കോടതി ഉത്തരവും എല്ലാം പരിശോധിച്ചേ തീരുമാനം കൈക്കൊള്ളൂ.
വിദ്യാഭ്യാസ അവകാശനിയമത്തിെൻറ മറവിൽ അനംഗീകൃത അൺഎയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ അടിയന്തരപ്രമേയത്തിന് അനുമതി തേടി നൽകിയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ധിറുതിപിടിച്ച് തീരുമാനം എടുക്കരുതെന്നും മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടിയിൽ തൃപ്തരായ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കി. പ്രതിപക്ഷത്തിെൻറ ഇൗ നടപടിയെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിനന്ദിച്ചു.
വിദ്യാഭ്യാസ അവകാശ നിയമത്തിെൻറയും ബാലാവകാശ കമീഷൻ ഉത്തരവിെൻറയും അടിസ്ഥാനത്തിൽ ഇത്തരം 1585 സ്കൂളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പലരും മറുപടിയും പരാതികളും നൽകിയിട്ടുണ്ട്. ചിലർ കോടതികളെയും സമീപിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചേ തീരുമാനം എടുക്കൂ. നേരത്തേ അംഗീകാരത്തിനായി 1194 സ്കൂളുകൾ അപേക്ഷ നൽകി. അതിൽ 395 സ്കൂളുകൾക്ക് അംഗീകാരം നൽകി. ബാക്കിയുള്ള പരാതികൾ അനുഭാവപൂർവം പരിഗണിക്കും. അതേസമയം ഇത്തരം സ്ഥാപനങ്ങൾ ജീവനക്കാർക്ക് തുച്ഛമായ ശമ്പളം നൽകുന്നതും വിദ്യാർഥികളിൽനിന്ന് അമിത ഫീസ് വാങ്ങുന്നതുമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അനുമതിയില്ലാതെ ആർക്കും സ്കൂൾ തുടങ്ങാമെന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളെ ശക്തിപ്പെടുത്തുകയെന്നതിനാണ് ഊന്നൽ. സംസ്ഥാനത്ത് നിലവിൽ 4695 സർക്കാർ സ്കൂളുകളും 7220 എയ്ഡഡ് സ്കൂളുകളും 1066 അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 12,981 സ്കൂളുകളുണ്ട്. മാത്രമല്ല എല്ലാ പ്രദേശത്തും കുട്ടികൾക്ക് നടന്നെത്താവുന്ന അകലത്തിൽ സ്കൂളുകളുണ്ട്. എവിടെയെങ്കിലും സൗകര്യമില്ലെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ധിറുതിപിടിച്ച് സ്കൂളുകൾ പൂട്ടുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കെ.എൻ.എ. ഖാദർ ചൂണ്ടിക്കാട്ടി. അയ്യായിരത്തോളം സ്കൂളുകൾ അടച്ചുപൂട്ടുമെന്ന കണക്കാണ് പുറത്തുവരുന്നത്. ഇവിടങ്ങളിലെ സ്ത്രീകളടക്കം അധ്യാപകരെ തൊഴിൽരഹിതരാക്കുന്നത് നീതികേടാണ്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് മാനദണ്ഡങ്ങളുള്ള സ്കൂളുകൾക്ക് അംഗീകാരം നൽകണമെന്നും അദ്ദേഹം ആവര്യപ്പെട്ടു.
നിയമപ്രകാരമുള്ള മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതോടൊപ്പം മാനദണ്ഡം നടപ്പാക്കാൻ രണ്ടുവർഷത്തെ കാലതാമസം കൂടി അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. എത്രയും പെെട്ടന്ന് ഇതുസംബന്ധിച്ച ആശങ്ക ഒഴിവാക്കണമെന്ന് മോൻസ് ജോസഫും പി.സി. ജോർജും ആവശ്യപ്പെട്ടു. സൗജന്യവിദ്യാഭ്യാസം നൽകണമെന്ന് നിയമത്തിലുണ്ടെങ്കിലും അംഗീകാരമില്ലാത്ത സ്കൂളുകൾ ഫീസിെൻറ പേരിൽ കൊള്ളയടിക്കുകയാണെന്ന് മന്ത്രി ജി. സുധാകരനും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.