വിദ്യാഭ്യാസപരിഷ്കരണം തെമ്മാടിത്തംചെയ്യുന്ന ജനതയെ സൃഷ്ടിക്കും -ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: ധാർമികതക്ക് കോട്ടംതട്ടുന്ന വിദ്യാഭ്യാസ രീതിയും പരിഷ്കരണവും ആക്രമണത്തിലേക്കും അനാചാരങ്ങളിലേക്കും നയിക്കുമെന്നും തെമ്മാടിത്തംചെയ്യുന്ന ജനതയെ സൃഷ്ടിക്കാനുള്ള കാൽവെപ്പായി മാറുമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യതുൽ ഖുത്വബ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുത്വബാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പരിഷ്കരണത്തിനായി തയാറാക്കിയ കരട് രേഖയിൽനിന്ന് ചിലഭാഗങ്ങൾ നടപ്പിൽവരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ആണും പെണ്ണും കൂടി ക്ലാസിൽ ഒന്നിച്ചിരിക്കണമെന്ന നിർദേശം പിൻവലിച്ചതായും കരടുരേഖയിൽനിന്ന് ഒഴിവാക്കുമെന്നും പറഞ്ഞതും സന്തോഷകരമാണ്. ആഗസ്റ്റ് 30ന് സമസ്തനേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യും.
കരടുരേഖയിൽ ധാർമികമൂല്യങ്ങൾക്ക് നിരക്കാത്ത പരാമർശങ്ങളുണ്ട്. ധാർമികത പാടേ തുടച്ചുമാറ്റുന്ന അവസ്ഥയുണ്ടാക്കുന്നതാണിത്. ആരെയും ഭോഗിക്കാമെന്നും അതിന് ആൺപെൺ വ്യത്യാസമില്ലെന്നും മറ്റുമുള്ള അവസ്ഥയിലേക്ക് പോവുന്നതിന്‍റെ തുടക്കമാണിത്.
രാജ്യത്തിന്‍റെ നന്മ മുഴുവൻ ഇല്ലാതാക്കുന്നതിലേക്കാണ് നീക്കം. മതങ്ങളെ പാടേ നിന്ദിച്ച് ഇസ്ലാമിന്‍റെ ആശയാദർശങ്ങളെ വികൃതമാക്കി ചിത്രീകരിക്കുന്ന പ്രവണതയുണ്ടാവുന്നു. അതിന്‍റെ ഭാഗമാണ് കുടുംബശ്രീയുടെ പുസ്തകവും വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള കരടുരേഖയും മറ്റും.
ഇതിന് അടിസ്ഥാനകാരണം മതത്തെ അതിന്‍റെ ശരിയായ രൂപത്തിൽ അവതരിപ്പിക്കാൻ കഴിയാത്തതാണ്. അവരിൽ പണ്ഡിതവേഷക്കാരുമുണ്ടാവും. തോന്നുന്ന ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന അവസ്ഥ അപകടകരമാണ്. ആൺപെൺ വേർതിരിവില്ലാതെ എന്തും ചെയ്യാമെന്നായാൽ മൃഗങ്ങളും മനുഷ്യനും തമ്മിൽ വ്യത്യാസമില്ലാതാവും. മൃഗരൂപമില്ലാത്ത മൃഗങ്ങളുണ്ടാവും. പറയാൻ ചങ്കൂറ്റമില്ലെങ്കിൽ പണ്ഡിതർ ആ പണിക്കിറങ്ങരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കൊയ്യോട് ഉമ്മർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. യു. ഷാഫി ഹാജി സംസാരിച്ചു. എം.ടി. അബൂബക്കർ ദാരിമി, ശുഐബുൽ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുറഷീദ് ഹുദവി ഏലംകുളം, ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പത്ത് എന്നിവർ ക്ലാസെടുത്തു. നാസർ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.