വിദ്യാഭ്യാസ മേഖല വർഗീയമാക്കാനുള്ള ശ്രമം ചെറുക്കും -മുഖ്യമന്ത്രി
text_fieldsകാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിനിൽക്കുന്ന സമയത്താണ് 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നത്. അഞ്ചു ലക്ഷം കുട്ടികൾവരെ കൊഴിഞ്ഞുപോകുന്ന സമയത്താണിത്. സർക്കാറിന്റെ ഇടപെടലുകളിൽ പൊതുവിദ്യാലയങ്ങൾ ഇന്ത്യയിൽതന്നെ മികച്ച നിലവാരമുള്ളതായി മാറി. കേന്ദ്രസർക്കാറും നിതി ആയോഗും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ പ്രശംസിച്ച കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ മികച്ച സേവനവും വിദ്യാഭ്യാസ മേഖലക്ക് മുതൽക്കൂട്ടായി. വിവരങ്ങൾ വിദ്യാർഥികൾക്ക് വിരൽതുമ്പിൽ ലഭിക്കുമ്പോഴും കാലാനുസൃതമായ പരിശീലനങ്ങൾ ലഭിക്കുന്നതിനാൽ അധ്യാപകർക്ക് അവരുടെ മുന്നിൽ പകച്ചുനിൽക്കേണ്ടി വരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ വർഗീയത കുത്തിനിറക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. മറ്റുവിധത്തിൽ ഒന്നും നടക്കാതെ വരുമ്പോഴാണ് ഇളം മനസ്സുകളിലേക്ക് വർഗീയത കുത്തിത്തിരുകുന്നത്. ചരിത്രത്തെയും പണ്ഡിതന്മാരെയും കേന്ദ്രം അവഗണിക്കുകയാണ്. ഏറെ മൂല്യങ്ങളുള്ള ഒരു ഭരണഘടനയെയാണ് പിച്ചിച്ചീന്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘ്പരിവാറിന്റെ പിത്തലാട്ടത്തിന് കേരളം വഴങ്ങിക്കൊടുക്കില്ല. എന്നാൽ, അവരുടെ ആട്ടത്തിന് ചിലരൊക്കെ വഴങ്ങിക്കൊടുക്കുന്നതായി പിണറായി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.