ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -ജസ്റ്റിസ് ബി.വി. നാഗരത്ന
text_fieldsതിരുവനന്തപുരം: ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവയാക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.വി. നാഗരത്ന. ഭേദഗതികളടക്കം മാർഗങ്ങളിലൂടെ അതിനുള്ള ശ്രമമുണ്ടാകരുതെന്നും ലോകായുക്തക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവശ്യമായ വിഭവങ്ങളും പിന്തുണയും അനിവാര്യമാണെന്നും ജസ്റ്റിസ് പറഞ്ഞു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിൽ നടന്ന അഴിമതിക്കെതിരായ പോരാട്ടത്തിൽ ലോകായുക്തക്ക് നിർണായക പങ്കുണ്ട്. നൽകാൻ ആളില്ലാതാകുന്നതോടെ കൈക്കൂലി ഇല്ലാതാകും. സ്ഥാപനവത്കരിപ്പെട്ടതോ വ്യക്തിപരമായതോ ആയ അഴിമതികളുടെ അടിവേര് അറുക്കേണ്ടതുണ്ട്. പൊതുജനം സദ്‌ഭരണം ആഗ്രഹിക്കുന്നവർ മാത്രമാകാതെ അതിന്റെ നിർമാണത്തിൽ പങ്കുവഹിക്കാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, സ്പെഷൽ അറ്റോർണി അഡ്വ. ടി.എ. ഷാജി, അഡ്വ. ആനയറ ഷാജി, അഡ്വ. എൻ.എസ്. ലാൽ എന്നിവർ സംസാരിച്ചു.
വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകർക്കാനാവില്ല -ജസ്റ്റിസ് സിറിയക് ജോസഫ്
തിരുവനന്തപുരം: വ്യാജ ആരോപണങ്ങളിലൂടെ ലോകായുക്തയെ തകർക്കാനാവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ലോകായുക്ത ദിനാചരണത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപർക്കെതിരെ രാഷ്ട്രീയ നേതാക്കൾ ആരോപണങ്ങളുന്നയിക്കുന്നു. മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങൾക്ക് പ്രചാരണവും നൽകുന്നു. അതേസമയം ഇതൊന്നും നീതി നിർവഹണത്തെ ബാധിക്കില്ല. അനീതിയുണ്ടാകുമ്പോൾ നീതിയുറപ്പിക്കുന്ന സംവിധാനമാണ് ലോകായുക്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.