ഇ.െഎ.എ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെ തുരങ്കംെവക്കുന്നു –ജയറാം രമേശ്
text_fieldsതിരുവനന്തപുരം: പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) സംബന്ധിച്ച് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കംെവക്കുന്നതാണെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്.
ജനാധിപത്യ വിരുദ്ധതയും ഫാഷിസ്റ്റ് സ്വഭാവവും പ്രകടമാക്കുന്ന കരടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളുടെ ഇരകളാകുന്നവര്ക്കുപോലും പരാതിപ്പെടാന്‍ കഴിയില്ലെന്നാണ് കരട് വിജ്ഞാപനം പറയുന്നത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ പാരിസ്ഥിതിക ലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയൂ.
പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുസമൂഹം, സന്നദ്ധസംഘടനകള്‍ എന്നിവക്കൊന്നും ഒരു റോളും ഉണ്ടാകില്ല. പൊതുജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കുന്നതിനുള്ള സമയപരിധിയും കുറച്ചു.
സംസ്ഥാനതലങ്ങളില്‍ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ സമിതികള്‍ രൂപവത്കരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം അപ്രതീക്ഷിത പ്രളയങ്ങള്‍ക്കും മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുകയാണ്.
പ്രകൃതി ചൂഷണമാണ് ഇതിന് കാരണമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. 40 വര്‍ഷം മുമ്പ് സൈലൻറ്വാലി മുന്നേറ്റം തുടങ്ങിയത് കേരളത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇ.ഐ.എ കരട് വിജ്ഞാപനത്തിനെതിരെയും പ്രതിഷേധം ഉയര്‍ത്താന്‍ കേരളത്തിന് കഴിയണം - ജയറാം രമേശ് അഭിപ്രായപ്പെട്ടു.
അവസാനനിമിഷം വരെ വൈകിപ്പിച്ച് ഏകപക്ഷീയമായാണ് സംസ്ഥാന സര്‍ക്കാര്‍ കരടിന്മേലുള്ള അഭിപ്രായം അറിയിച്ചതെന്ന് വെബിനാറില്‍ അധ്യക്ഷതവഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കരട് വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പുറത്തിറക്കി എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം വേണ്ട മാറ്റം വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴക്കന്, വി.ഡി. സതീശന്, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, മാത്യു കുഴല്നാടന്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍, ആര്.ജെ.ഡി.എസ് ഡയറക്ടര്‍ ബി.എസ്. ഷിജു, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഉമ്മന്‍ കെ.ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.