ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കർമ്മങ്ങളുടെയും ഏറ്റവും ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിതറും മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന അദ്ദേഹം, കൂട്ടം ചേരലുകൾ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണമെന്നും ചൂണ്ടിക്കാട്ടി.
മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്‍റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം.
പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രത കാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നത്. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാണ്. അത്കൊണ്ട് തന്നെ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണ്.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്‍റെ മഹത്വം കൂടുതൽ പ്രകാശിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.