ഇന്ത്യയിലെ ആദ്യ ഭൂഗർഭ മസ്ജിദിൽ പെരുന്നാൾ നമസ്കാരം നടന്നു
text_fieldsകൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദിന് അനുബന്ധമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ ഗുഗർഭ മസ്ജിദിൽ പെരുന്നാൾ നമസ്കാരം നടന്നു. പണികൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും പെരുന്നാൾ നമസ്കാരങ്ങളും തുടർന്നും ഭൂഗർഭ മസ്ജിദിൽ നടക്കും.
കൂടുതൽ പേർക്ക് നമസ്കരിക്കാൻ പല ഘട്ടങ്ങളിലായി നിർമിച്ചിരുന്ന അനുബന്ധ സൗകര്യങ്ങൾ, ചേരമാൻ ജുമാ മസ്ജിദ് മുസിരിസ് പദ്ധതിയിൽ പൗരാണിക മാതൃകയിൽ പുനർനിർമിക്കാൻ വേണ്ടി പൊളിച്ചുനീക്കിയിരുന്നു. തുടർന്ന് താൽക്കാലിക സംവിധാനം ഒരുക്കിയും മറ്റു കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ജുമുഅ, പെരുന്നാൾ നമസ്കാരങ്ങളെല്ലാം നിർവഹിച്ചുപോന്നിരുന്നത്. ഈ അവസ്ഥ പരിഗണിച്ചാണ് ഉദ്ഘാടനത്തിന് മുമ്പേ ചേരമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഭൂഗർഭ മസ്ജിദിൽ പെരുന്നാൾ, ജുമുഅ നമസ്കാരങ്ങൾ നിർവഹിക്കുന്നത്.
ഇന്തോ - ടർക്കിഷ് മാതൃകയിൽ നിർമിക്കുന്ന ഭൂഗർഭ മസ്ജിദിൽ 1500 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ഏകദേശം 80 ശതമാനം പണികൾ പൂർത്തിയായി. നിർമാണം പൂർത്തിയാകുന്നതോടെ പ്രൗഢവും മനോഹരവുമായ കാഴ്ചയായി ഭുമിക്കടിയിലെ ഈ മസ്ജിദ് മാറും. ഇതിന് മേലെ നവീകരണം പൂർത്തിയാക്കിയ പഴയ ചേരമാൻ ജുമാ മസ്ജിദിന്റെ താഴെയും മുകളിലുമായി 550 പേർക്ക് നമസ്കരിക്കാനേ സൗകര്യമുള്ളു. ഇതിന് ചുറ്റും വിശാലമായ കനോപ്പി സംവിധാനം നിർമിച്ചും നമസ്കാര സൗകര്യം ഏർപ്പെടുത്തും. ഇതോടെ 3500 പേർക്ക് നമസ്കരിക്കാൻ സൗകര്യമാകുമെന്നും തടസ്സങ്ങൾ നീക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കുമെന്നും മഹല്ല് സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.