അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും
text_fieldsഎടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രിസ്ത്യൻ പള്ളി മൈതാനിയിൽ സംഘടിപ്പിച്ചത്. നേരത്തേ സ്കൂൾ മൈതാനത്താണ് ഈദ് ഗാഹ് നടന്നിരുന്നത്. കഴിഞ്ഞവർഷം മുതലാണ് പള്ളിമൈതാനം ഈദ് ഗാഹിന് വേണ്ടി വിട്ടുതന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സൗകര്യങ്ങൾ ചെയ്യുന്നതിന് പള്ളി ഭാരവാഹികളും പങ്കുചേർന്നു.
എ.പി. അബ്ദുൽ റഹീമാണ് ഈദ് നമസ്കാരത്തിന് നേതൃത്വം കൊടുത്തത്. മതങ്ങളുടെയും ജാതിയുടെയും പേരിൽ കലുഷിതമായ അന്തരീക്ഷം ചിലരെങ്കിലും നമ്മുടെ നാട്ടിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സൗഹാർദത്തെ നെഞ്ചോട് ചേർക്കുന്ന സമീപനത്തിന്റെ അടയാളമാണ് ഇന്നിവിടെ നടന്ന ഈദ് നമസ്കാരമെന്ന് ഖത്തീബ് എ.പി. അബ്ദുറഹീം വിശ്വാസികളെ ഉണർത്തി.
പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ ഈദ്ഗാഹിൽ പങ്കെടുത്തു. നൂറ്റാണ്ടുകൾക്ക് മുമ്പ് കോരൻ നമ്പ്യാർ എന്ന നാട്ടുപ്രമാണി വിട്ടുകൊടുത്ത സ്ഥലമാണിതെന്ന പ്രത്യേകതയുമുണ്ട്.
തക്ബീർ ധ്വനികൾ മുഴങ്ങി സി.എസ്.ഐ ദേവാലയ മുറ്റം
മഞ്ചേരി: പെരുന്നാൾ ദിനത്തിൽ തക്ബീർ ധ്വനികളാൽ മുഖരിതമായിരുന്നു മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയൽ ദേവാലയ മുറ്റം. 112 വർഷത്തെ പാരമ്പര്യത്തിന്റെ പ്രതീകമായ പള്ളിമുറ്റം ഈദ്ഗാഹിന് സാക്ഷിയായ ആ നിമിഷം മലപ്പുറത്തിന്‍റെ സാഹോദര്യം വീണ്ടും ഊട്ടിയുറപ്പിച്ചു.
മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലെല്ലാം ചുള്ളക്കാട് യു.പി സ്കൂൾ മൈതാനത്തായിരുന്നു ഈദ്ഗാഹ് നടന്നിരുന്നത്. എന്നാൽ, ഇത്തവണ സ്കൂൾ ലോക്സഭ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രമായതിനാൽ അനുമതി ലഭിച്ചില്ല. ഇതോടെ കമ്മിറ്റി ഭാരവാഹികൾ ചർച്ച് അധികൃതരുമായി സംസാരിച്ചു.
സി.എസ്.ഐ ചർച്ച് മലബാർ മഹാ ഇടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടറിന്‍റെ അനുമതിയോടെ ഫാദർ ജോയ് മാസിലാമണി പള്ളികവാടം തുറന്നിട്ട് നൽകി. ബുധനാഴ്ച രാവിലെ ആറരയോടെ സ്ത്രീകളും കുട്ടികളുമടക്കം വിശ്വാസികൾ പള്ളിമുറ്റത്തേക്കൊഴുകി. ചരിത്രത്തിലാദ്യമായി ചർച്ച് മുറ്റത്ത് അവർ മുസല്ല വിരിച്ച് നാഥന് മുന്നിൽ സാഷ്ടാംഗം നമിച്ചു. മൈക്കിലൂടെ തക്ബീർ ധ്വനികൾ മുഴങ്ങുമ്പോൾ മറുഭാഗത്ത് സാക്ഷിയായി പള്ളി വികാരി ജോയ് മാസിലാമണി ഉൾപ്പെടെയുള്ളവരുമുണ്ടായിരുന്നു.
സഅ്ദുദ്ദീൻ സ്വലാഹി പ്രാർഥനക്ക് നേതൃത്വം നൽകി. മുമ്പ് സ്വാഭാവികമായിരുന്ന മതസൗഹാർദകൂട്ടായ്മകൾ ഇന്ന് കൗതുകക്കാഴ്ചയായി മാറിയെന്ന് പറഞ്ഞ അദ്ദേഹം സി.എസ്.ഐ പള്ളി അധികൃതർക്ക് നന്ദിയറിയിച്ചു. മതങ്ങൾ പരസ്പരം സംശയത്തോടെ നോക്കുന്ന ഇക്കാലത്ത് ഇത്തരം സന്ദർഭങ്ങൾ തുടരണമെന്നും വെറുപ്പിന്റെ കടകൾ തുറക്കുന്ന കാലത്ത് ഇതൊരു അനിവാര്യതയാണെന്നും ഫാദർ ജോയ് മാസിലാമണി പറഞ്ഞു.
ഫാദറിന് ഒ. അബ്ദുൽ അലി സ്നേഹോപഹാരം നൽകി. സക്കീർ ചമയം, പി.വി. മുഹമ്മദ് കുട്ടി, എൻ.ടി. ഹൈദരലി, വി.ടി. ഹംസ, റഫീക്ക് കുരിക്കൾ, എ.പി. അലി, ആലിപ്പ വല്ലാഞ്ചിറ, കെ.എം. ഹുസൈൻ, കെ. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.