റുമേനിയയിലേക്ക് കാൽനടയായി എട്ടു മണിക്കൂർ; ആശ്വാസ തീരത്ത് നിദ
text_fieldsനീലേശ്വരം: ബോംബിന്‍റെയും വെടിയൊച്ചകളുടെയും മുഖത്തുനിന്ന് ആശ്വാസതീരത്ത് എത്തിയ സന്തോഷത്തിലാണ് യുക്രെയ്നിൽ മെഡിക്കൽ പഠനത്തിനുപോയ നീലേശ്വരം കോട്ടപ്പുറത്തെ ആമിന നിദ. നിസാർ-സബിത ദമ്പതികളുടെ മകൾ ആമിന നിദ ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ 2021 ഡിസംബർ 13നാണ് യുക്രെയ്നിലേക്ക് വിമാനം കയറിയത്. വിനീഷ്യ നാഷനൽ പിറോഗോ മെഡിക്കൽ യൂനിവേഴ്സിറ്റിയിലാണ് സീറ്റ് ലഭിച്ചത്.
യുദ്ധം ആരംഭിച്ചതോടെ മറ്റ് കുട്ടികൾക്കൊപ്പം യൂനിവേഴ്സിറ്റി സുരക്ഷിത താവളത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആമിന നിദയടങ്ങുന്ന 300ഓളം ഇന്ത്യക്കാർ കൊടും തണുപ്പിൽ ലഗേജുമായി അയൽ രാജ്യമായ റുമേനിയയുടെ അതിർത്തിയിലേക്ക് കാൽനടയായി യാത്രതിരിച്ചു. ഇതിൽ 57 മലയാളി പെൺകുട്ടികളും ഉണ്ടായിരുന്നു. എട്ട് മണിക്കൂർ കാൽനടയാത്രക്ക് ഒടുവിൽ തളർന്ന് അവശരായി റുമേനിയൻ അതിർത്തിയിൽ. രാത്രി 12 മണിക്ക് എത്തിയശേഷം അവിടെ തന്നെ കിടന്നുറങ്ങി. അതിർത്തി കടക്കാനുള്ള മറ്റ് രാജ്യക്കാരുടെ തിരക്കിനൊപ്പം വീണ്ടും നീണ്ട വരിയിൽ.
ഒടുവിൽ അതിർത്തിയിലെ പരിശോധന കഴിഞ്ഞ് റുമേനിയയിൽ എത്തി. അവിടെ റുമേനിയൻ സർക്കാർ അഭയാർഥികൾക്കായി പ്രത്യേകം ടെൻറ് കെട്ടി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയത് ആശ്വാസമായെന്ന് ആമിന നിദ പറഞ്ഞു.
റുമേനിയൻ സർക്കാർ തങ്ങളുടെ രാജ്യത്ത് എത്തിയവർക്ക് വെള്ളവും ഭക്ഷണവും നൽകി. റുമേനിയയിൽ എത്തിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് അറിയിപ്പോ മറ്റ് നിർദേശങ്ങളോ ലഭിക്കാത്തത് ഇവരെ നിരാശരാക്കി. എംബസിയുടെ അറിയിപ്പ് കിട്ടിയാൽ മാത്രമേ 300 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിന് നാട്ടിലേക്ക് മടങ്ങുവാൻ പറ്റൂ.
രക്ഷപ്പെടാൻ കൂട്ടത്തോടെ ട്രെയിനിൽ
കാഞ്ഞങ്ങാട്: ഖാർകീവില്‍ പോരാട്ടം രൂക്ഷമായതോടെ അവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനുള്ള ഒരുക്കത്തിൽ. സ്ലൊവാക്യയുടെയും ഹംഗറിയുടെയും അതിര്‍ത്തിയായ ഉസ്റോദ് നഗരം ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ട്രെയിന്‍ കയറുന്നത്.
കാലിക്കടവ് ചന്തേരിയിലെ ഖാർകീവിലുള്ള വിദ്യാർഥി ശക്കീര്‍ അസീസ് ആണ് ഇക്കാര്യം നാട്ടിലറിയിച്ചത്. ഒരു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് കൈയിലുള്ളത്. കുടിവെള്ളമടക്കം തീരും. ഇപ്പോൾ രക്ഷതേടിയിരിക്കുന്ന ബങ്കറിനും മെട്രോ സ്റ്റേഷനും സമീപം പലഭാഗങ്ങളിലും ഷെൽ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. തുടരെ സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നു. പുറത്തേക്ക് നോക്കിയാൽ പല കെട്ടിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകുന്നത് കാണാം. ഇടതടവില്ലാതെ വെടിയൊച്ചകൾ കേൾക്കുന്നതായും വിദ്യാർഥികൾ പറഞ്ഞു. കനത്ത യുദ്ധം നടക്കുന്ന ഖാർകീവിലുള്ള വിഡിയോയും ശക്കീര്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പൂർണമായും തകര്‍ന്ന നിലയിലാണ് ഖാർകീവ് നഗരമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.