‘മുകേഷ് അടക്കം എട്ട് പേർ നേരത്തെ റിപ്പോർട്ട് വായിച്ചു; അതിക്രമം നടത്തിയവരെ സി.പി.എം സംരക്ഷിക്കുന്നു’
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് അടക്കം സിനിമാ നയ രൂപീകരണ സമിതിയിൽ ഉണ്ടായിരുന്ന എട്ട് പേർ നേരത്തെ വായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. എന്നാൽ അതിക്രമം നടത്തിയവരെ സി.പി.എം സംരക്ഷിക്കുകയാണ്. ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.
“മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. സി.പി.എം പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. പാർട്ടി മുകേഷിന് പൂർണ പിന്തുണ നൽകുന്നു. സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നയരൂപീകരണം നടത്തണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. അപ്പോൾ മുകേഷ് അടക്കം എട്ട് അംഗങ്ങൾ നേരത്തെ റിപ്പോർട്ട് വായിച്ചിട്ടുണ്ട്. അത് വളരെ വൈരുദ്ധ്യം നിറഞ്ഞ കാര്യമാണ്.
എൽദോസ് കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ആരോപണത്തിന്റെ വ്യാപ്തി ഇതുമായി താരതമ്യം ചെയ്യാനാകില്ല. സോളർ കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞവരാണ് സി.പി.എമ്മുകാർ. ഇവിടെ ആരോപണവിധേയനായ മുകേഷിനെ, ഘടകകക്ഷികൾ എതിർത്തിട്ടും സി.പി.എം സംരക്ഷിക്കുകയാണ്. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചു. ഇപ്പോൾ മറ്റുപലരെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആദ്യദിനം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അതിക്രമങ്ങൾ നടത്തിയ ആളുകളെ അവർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സിനിമാ രംഗത്ത് കുറ്റം ചെയ്യാത്തവരെ പോലും ജനം കാണുന്നത് തെറ്റുകാരായാവും. അതുവഴി സിനിമാ മേഖലയുടെ തകർച്ചക്ക് കാരണമാകും. അത് തടയേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്” -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.