ഉമ്മയുടെയും ഉപ്പയുടെയും പിണക്കം മാറ്റണം; എട്ടു വയസ്സുകാരെൻറ സങ്കടഹരജി
text_fieldsകോഴിക്കോട്: മുതിർന്നവരുടെ കലഹങ്ങൾക്കും കൊമ്പുകോർക്കലുകൾക്കും ഇടയിൽ കുടുങ്ങി ദുരിതവും ഒറ്റപ്പെടലുമനുഭവിക്കുന്ന എട്ട് വയസ്സുകാരൻ ഒടുവിൽ സങ്കടഹരജിയുമായി രംഗത്ത്. രണ്ടര വർഷമായി വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ ഹെഡ്മാസ്റ്റർക്കും ബാലാവകാശ കമീഷനും കത്തയച്ച് കാത്തിരിക്കുകയാണ് പറമ്പിൽബസാർ സ്വദേശിയായ രണ്ടാം ക്ലാസുകാരൻ.
താനനുഭവിക്കുന്ന നോവിന് എന്തെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണവൻ. പറമ്പിൽ എ.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ് ഇൗ ഹരജിക്കാരൻ. രണ്ടര വർഷമായി ഉമ്മ പിതാവിൽനിന്ന് വിട്ടുകഴിയുകയാണെന്നും അതിനാൽ താൻ വലിയ മാനസിക പ്രയാസത്തിലാണെന്നും കത്തിൽ പറയുന്നു.
വല്യുമ്മയോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. നാല് വയസ്സുള്ള എെൻറ കുഞ്ഞു വാവ ഉമ്മയോടൊപ്പമാണ്. അവളെ എനിക്ക് കാണാൻ കഴിയുന്നില്ല. രണ്ടര വർഷമായി ഞാൻ ഉമ്മയുടെ കൂടെ താമസിച്ചിട്ട്്. ചെറിയ ചെറിയ കാര്യങ്ങൾക്കാണ് ഉമ്മയും ഉപ്പയും പിണങ്ങി വേർപിരിഞ്ഞ് കഴിയുന്നത്. അവരെ ഒരുമിപ്പിക്കണം. എനിക്ക് പഠിക്കണം. വളരണം. എെൻറ പഠനം താളം തെറ്റിയിരിക്കുന്നു. എനിക്കാകെ വിഷമമാണ്.
പ്രായമുള്ള വല്യുമ്മ വീട്ടുജോലിക്ക് പോയാണ് എന്നെ നോക്കുന്നത്. ഞാൻ പലപ്പോഴും വീട്ടിൽ തനിച്ചാണ്. എന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
മാതാപിതാക്കളുടെ ഫോൺ നമ്പറുകളും വിലാസവും കൃത്യമായി കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ കത്ത് എ.ഇ.ഒക്ക് അയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.