ആശ്വാസം; ഇത്തവണ എൽ നിനോ ഇല്ല, ലാ നിനക്ക് സാധ്യത
text_fieldsപാലക്കാട്: കടുത്ത വരൾച്ചക്കിടെ കുളിർമഴയായി ആശ്വാസ വാർത്ത. മൺസൂൺ മഴയുടെ അളവ് കുറക്കുന്ന എൽ നിനോ പ്രതിഭാസത്തിന് ഈ വർഷം സാധ്യതയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ റിപ്പോർട്ട്. അതേസമയം, മഴ കൂടുതൽ പെയ്യാൻ കാരണമാകുന്ന ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ നിനോ സാധ്യതയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൺസൂൺ മിഷൻ ക്ലൈമറ്റ് ഫോർകാസ്റ്റ് സിസ്റ്റം (എം.എം.സി.എഫ്.സി) നടത്തിയ പഠനത്തിലാണ് ഈ വർഷം മിതമായ തരത്തിൽ ലാ നിന സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നത്. ആഗസ്റ്റുവരെ എൽ നിനോ പ്രതിഭാസത്തിന് സാധ്യതയില്ലെന്നും ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ എൽ നിനോ പ്രതിഭാസമായിരുന്നു മൺസൂൺ ലഭ്യതയെ പ്രതികൂലമായി ബാധിച്ചത്. ഏപ്രിൽ പകുതിയോടെ ആദ്യ മൺസൂൺ ഔദ്യോഗിക പ്രവചനം നടത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് മുതൽ മേയ് വരെ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തവണ താപനില 0.5 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ജില്ലകളിൽ വേനൽമഴ ലഭിച്ചുതുടങ്ങിയതായി സംസ്ഥാന കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വേനൽമഴ ലഭിച്ചു. ഏപ്രിൽ പകുതിയോടെ മലബാറിലും വേനൽമഴ പെയ്ത് തുടങ്ങുമെന്നും കേന്ദ്രം പ്രവചിച്ചു.
എൽ നിനോ
പസഫിക് സമുദ്രത്തിൽ ചൂടുകൂടിയ ജലത്തിെൻറ വിതരണം താളംതെറ്റുന്നതാണ് എൽ നിനോ പ്രതിഭാസം. ഭൂമധ്യരേഖയിൽ ചൂട് വർധിക്കുന്നതോടൊപ്പം പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കാനും ഇത് കാരണമാകും. ദക്ഷിണേന്ത്യയിൽ മൺസൂൺ ദുർബലപ്പെടാനുള്ള പ്രധാന കാരണം എൽ നിനോയായിരുന്നു. യൂറോപ്പിൽ ചൂടുകൂടിയ ശരത്കാലത്തിനും അതി ശൈത്യത്തിനും എൽ നിനോ കാരണമാകുന്നു. വൻതോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എൽ നിനോ വഴിവെക്കും. ക്രിസ്മസ് കാലത്താണ് ഈ ചൂടൻ പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാലാണ് ‘ഉണ്ണിയേശു’ സ്പാനിഷിൽ അർഥം വരുന്ന ‘എൽ നിനോ’ എന്ന പേര് നൽകിയത്.
ലാ നിന
എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യരേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിെൻറ താപനില ക്രമാതീതമായി താഴുന്നതാണിത്. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിെൻറ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നിനയുടെ പ്രവർത്തനം. ഇന്ത്യയിൽ മിതമായി എൽ നിന പ്രതിഭാസമുണ്ടാകുമ്പോഴാണ് കൃത്യമായി മൺസൂൺ ലഭിക്കുക. ലാ നിന പ്രതിഭാസം വർധിച്ചാൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.